SignIn
Kerala Kaumudi Online
Wednesday, 22 July 2026 10.47 PM IST

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ആസിഫ് അലിയും ദുൽഖർ സൽമാനും; 'കേൾക്കണം അവരുടെ ശബ്ദം'

READ ENGLISH VERSION
dulquer-salmaan-asif-ali-
ദുൽഖർ സൽമാനും ആസിഫ് അലിയും

കൊച്ചി: രാജ്യത്ത് സിജെപി നടത്തുന്ന സമരത്തിന് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്മാരായ ആസിഫ് അലിയും ദുൽഖർ സൽമാനും. ഡൽഹി ജന്തർ മന്തറിലും രാജ്യത്തുടനീളവും നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയും ഇടപെടലും ആവശ്യപ്പെട്ടുകൊണ്ടാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.


സമരം ചെയ്യുന്ന യുവജനങ്ങളും വിദ്യാർത്ഥികളുമാണ് ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളെന്ന് ആസിഫ് അലി ചൂണ്ടിക്കാട്ടി. 'അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും. വിദ്യാർത്ഥികളോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു,'- ആസിഫ് അലി പറഞ്ഞു. ആസിഫ് അലിയുടെ പോസ്റ്റിന് വലിയ പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.

വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതാവസ്ഥയിൽ അവർ ജീവനൊടുക്കുന്നതിലെ വേദനയും ആശങ്കയും പങ്കുവച്ചുകൊണ്ടാണ് നടൻ ദുൽഖർ സൽമാൻ രംഗത്തെത്തിയത്. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യർ കരുണയും ബഹുമാനവും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 'വിദ്യാഭ്യാസം എപ്പോഴും പ്രതീക്ഷയും മികച്ച ഭാവിയുമാണ് നൽകേണ്ടത്. എന്നാൽ യുവതലമുറ ഇത്തരത്തിൽ അനിശ്ചിതത്വം നേരിടുന്നത് ഏറെ സങ്കടകരമാണ്. മുന്നോട്ട് ഇനി വഴിയില്ലെന്ന് കരുതി വിദ്യാർത്ഥികൾ ജീവിതം അവസാനിപ്പിക്കുന്നത് ഹൃദയം തകർക്കുന്നു. കടബാദ്ധ്യതകൾ പേറി ജീവിക്കുന്ന മാതാപിതാക്കളുടെ വേദന അതിലും വലുതാണ്.'- ദുൽഖർ വ്യക്തമാക്കി.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും സ്വപ്നങ്ങളുള്ള മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും ദയയോടെ കാണണമെന്ന് ദുൽഖർ പറഞ്ഞു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണം. അക്രമവും ഭിന്നതയും നിറഞ്ഞ ഭാവിയേക്കാൾ നല്ലത്, പരസ്പരം മനസിലാക്കി ഒന്നിച്ച് കെട്ടിപ്പടുക്കുന്ന ഭാവിയാണ് മികച്ചതെന്നും താരം കൂട്ടിച്ചേർത്തു.

English Summary

highlighting that the protesting students represent the future of the nation, asif ali stated that listening to their concerns is the responsibility of the administration. He added that supporting them is the duty of society and declared his full solidarity with the students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIF ALI, DULQUER SALMAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY