SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.55 PM IST

'പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാകില്ലല്ലോ, നിന്റെ മറുപടി ഇങ്ങനെയായിരിക്കുമെന്ന് ഉറപ്പായിരുന്നു'

READ ENGLISH VERSION
vismaya-mohanlal
ലിസി, വിസ്‌മയ മോഹൻലാൽ

വിസ്‌മയമോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന് മികച്ച പ്രതികരണങ്ങളാണ് തിയറ്ററിൽനിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ വിസ്‌മയയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുകയാണ് നടി ലിസി. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയുടെ പ്രകടനത്തെ പ്രശംസിക്കാനും ലിസി മറന്നില്ല. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ലിസി ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചത്.

'നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മഹാനായ നടന്മാരിൽ ഒരാളായ അച്ഛനിൽനിന്ന് നിനക്ക് ലഭിച്ച ആ അഭിനയപ്രതിഭ ഇന്ന് വെള്ളിത്തിരയിൽ പൂർണതയോടെ പ്രകാശിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നു. 'പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ'! എന്നാണ് ലിസി സോഷ്യൽമീഡിയയിൽ കുറിച്ചത്.

രൂപത്തിന്റെയും ബോഡി ലാംഗ്വേജിന്റെയും പേരിൽ പലരും വിമർശനങ്ങൾ നടത്തിയപ്പോഴും വിസ്‌‌മയ തന്റെ കഴിവുകൊണ്ട് അവയ്‌ക്ക് മറുപടി നൽകുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും ലിസി കുറിച്ചു. ചിത്രത്തിലെ വിസ്‌മയയുടെ ആക്ഷൻ രംഗങ്ങൾ അതിഗംഭീരമാണെന്നും ലിസി അഭിപ്രായപ്പെട്ടു.

'നിന്റെ രൂപത്തെയും ഭാവങ്ങളെയുമൊക്കെച്ചൊല്ലി സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത ചില മനുഷ്യർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ വാക്കുകൾ കൊണ്ടല്ല, മറിച്ച് എല്ലാവരുടെയും വായടപ്പിക്കുന്നവിധത്തിൽ അസാദ്ധ്യമായ അഭിനയം കൊണ്ട് മറുപടി നൽകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിച്ചു. ചിത്രത്തിലെ നിന്റെ ആക്ഷൻ രംഗങ്ങൾ ശരിക്കും വേറെതന്നെ ലെവലാണ്. നിന്റെ ഫ്ലെക്‌സിബിളിറ്റിയും സ്‌ക്രീൻ പ്രസൻസും അതിശയിപ്പിക്കുന്നതാണ്. ഒരു നായിക എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ സ്റ്റീരിയോടൈപ്പുകളെയെല്ലാം നീ തിരുത്തിക്കുറിച്ചു. പ്രായമല്ല മറിച്ച് പ്രതിഭയും വ്യക്തിത്വവും സമർപ്പണവുമാണ് പ്രധാനമെന്ന് നിന്റെ മുപ്പതുകളിൽ നീ തെളിയിച്ചു'- ലിസി കുറിച്ചു.

അമ്മയിൽനിന്ന് പകർന്നുകിട്ടിയ വിനയവും ലാളിത്യവും എല്ലാക്കാലത്തും ഉണ്ടാകണമെന്നും ലിസി പറഞ്ഞു. ആഷിഷ് ജോ ആന്റണിയായിരുന്നു ചിത്രത്തിലെ ഏറ്റവും വലിയ സർപ്രൈസ് എന്നും ഭാവിയിൽ മലയാളത്തിലെ മികച്ച നിർമ്മാതാവ് എന്നതിലുപരിയായി ആഷിഷ് ജോയുടെ അച്ഛൻ എന്ന നിലയിലാകും ആന്റണി പെരുമ്പാവൂർ അറിയപ്പെടുന്നതെന്നും ലിസി കൂട്ടിച്ചേർത്തു.

English Summary

Actress Lissy praised Vismaya Mohanlal and Ashish Perumbavoor for their performances in Thudakkam, highlighting Vismaya’s acting, action scenes and screen presence.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOLLYWOOD, VISMAYA MOHANLAL, THUDAKKAM, LISSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY