സമകാലീന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള അമുലിന്റെ പരസ്യങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. അമുലിന്റെ ഏറ്റവും പുതിയ പരസ്യത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഓണക്കാലത്തിറങ്ങി സൂപ്പർഹിറ്റ് ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ.ഡി ആണ്.
നിവിനും മമിതയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കാരിക്കേച്ചർ രൂപങ്ങളാണ് പരസ്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇവർ റെയിൽവേ പ്ലാറ്റ്‌ഫോമിലിരുന്ന് അമുൽ ബട്ടറിനൊപ്പം ബ്രഡ് കഴിക്കുന്ന രംഗമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ടൈറ്റിൽ പരിഷ്കരിച്ച് ബട്ടർലഹേം കുടുംബ യൂണിറ്റ് എന്ന് ക്യാപ്ഷനും നൽകിയിട്ടുണ്ട്. അമുൽ സൂപ്പർഹിറ്റ് ടേസ്റ്റ് എന്നും പരസ്യത്തിലുണ്ട്. മലയാളം റോംകോം ചിത്രം ഹൃദയങ്ങൾ കീഴടക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പരസ്യ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
പരസ്യം വൈറലായതിന് പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ പോസ്റ്റിൽ കമന്റുമായി എത്തി. സൂപ്പർഹിറ്റായ പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ബെത്ലഹേം കുടുംബ യൂണിറ്റ് നിർമ്മിച്ചത്. ഗിരീഷ് എ.ഡിയോടൊപ്പം കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |