നവാഗതനായ രോഹിത് ജി.ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് നായകൻ. ഏറെക്കാലമായി സംവിധായകൻ വിപിൻദാസിന്റെ ശിഷ്യനായി പ്രവർത്തിക്കുകയാണ് രോഹിത്. ഡബള്യുബിടിഎസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന നാലാമത്തെചിത്രത്തിന്റെ ചിത്രീകരണം ഈ മാസം മധ്യത്തിൽ ആരംഭിക്കും എന്നാണ് വിവരം.വാഴ ഫ്രാഞ്ചൈസിയുടെ ബാനറാണ് ഡബള്യുബിടിഎസ്.അതിരടിക്കുശേഷം നവാഗത സംവിധായകനൊപ്പം വീണ്ടും ബേസിൽ ജോസഫ് കൈകോർക്കുന്നു എന്ന പ്രത്യേകതയുണ്ട്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത അതിരടി പ്രേക്ഷശ്രദ്ധ നേടിയിരുന്നു.കോളേജ് ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സാം ബോയ് എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ.അനന്തു എസും ചേർന്നാണ് നിർമ്മിച്ചത്.ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് അരുൺ അനിരുദ്ധൻ.
നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് ആണ് ബേസിൽ ജോസഫിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.സൂപ്പർ സ്റ്റാർ സ്വരൂപ് എന്ന അതിഥി വേഷം ആണ് ബേസിൽ അവതരിപ്പിച്ചത്.അതേസമയം അല്ലു അർജുൻ നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ആരംഭിക്കും.ഈ ചിത്രത്തിലൂടെ ബേസിൽ ജോസഫ് ടോളിവുഡ് അരങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയുണ്ട്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലെ ഗീത ആർട്സിന്റെ ബാനറിൽ ആയിരിക്കും നിർമ്മാണം. അറ്റ്ലി ചിത്രത്തിനുശേഷം ലോകേഷ് കനകരാജ്, സുകുമാർ എന്നിവരുടെ ചിത്രങ്ങൾ അല്ലു അർജുനെ കാത്തിരിക്കുന്നുണ്ട്.മിക്കവാറും ലോകേഷ് ചിത്രത്തിനുശേഷം ആയിരിക്കും ബേസിൽ ചിത്രത്തിൽ അഭിനയിക്കുക എന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |