അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശസ്ത ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയും നടിയുമായ അമ്മ നിർമ്മല ദേവിയുടെ മരണം തന്നെ മാനസികമായി തകർത്തു കളഞ്ഞെന്നും, ദുഃഖം താങ്ങാനാവാതെ നർമദാ നദിയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമം നടത്തിയെന്നും താരം വെളിപ്പെടുത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോവിന്ദ തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്.
1996 ജൂൺ 15നാണ് ഗോവിന്ദയുടെ അമ്മ നിർമ്മല ദേവി (69) അന്തരിച്ചത്. അമ്മയുടെ മരണശേഷം കടുത്ത മാനസിക വേദനയിലൂടെ കടന്നുപോയ ഗോവിന്ദ, തന്റെ നഷ്ടം ഉൾക്കൊള്ളാൻ സാധിക്കാതെ നർമദാ നദിതീരത്തെത്തുകയായിരുന്നു. 'ഞാൻ കടുത്ത വേദനയിലായിരുന്നു. ഇനി ജീവിതത്തിൽ ഒന്നുമില്ലെന്ന് തോന്നിപ്പോയ നിമിഷം. അമ്മയെ എങ്ങനെയെങ്കിലും വീണ്ടും കാണണം എന്ന ചിന്തയോടെ നർമദാ നദിയിയുടെ ഉള്ളിലേക്ക് ഇറങ്ങി നടന്നു.' — താരം വ്യക്തമാക്കി.
ആത്മഹത്യാശ്രമമായിരുന്നോ എന്ന ചോദ്യത്തിന്, അമ്മയോടുള്ള അതിരറ്റ സ്‌നേഹം കൊണ്ടാണ് അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും, എന്നാൽ അതിനെ 'ആത്മഹത്യ' എന്നാണ് പലരും വിളിച്ചതെന്നായിരുന്നു ഗോവിന്ദയുടെ മറുപടി. നദിയിലേക്ക് ആഴ്ന്നിറങ്ങുന്നതിനിടെ രാം കുന്ദൽ എന്ന് ഓർക്കുന്ന ഒരു സാധു തനിക്കടുത്തേക്ക് വരികയും പേരെടുത്ത് വിളിച്ച് തടയുകയും ചെയ്തതായി ഗോവിന്ദ ഓർത്തെടുത്തു.
'അദ്ദേഹം എന്റെ അടുത്തെത്തി 'ഗോവിന്ദ്, എന്തുപറ്റി?' എന്ന് ചോദിച്ചു. ആ നിമിഷമാണ് ഞാൻ ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്. എനിക്ക് എന്റെ മക്കൾക്കായി ജീവിക്കാനുണ്ടെന്ന തിരിച്ചറിവ് പെട്ടെന്ന് ഉണ്ടായി,' ഗോവിന്ദ പറഞ്ഞു. ആ അവസ്ഥയിൽ നിന്ന് പൂർണമായി പുറത്തുകടക്കാൻ 10 മുതൽ 15 ദിവസം വരെ വേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മയുടെ വിയോഗം തന്റെ കരിയറിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ പൂർണമായി മാറ്റിമറിച്ചതായി താരം പറഞ്ഞു. 'സിനിമയെയും അഭിനയത്തെയും താരപ്പകിട്ടിനെയും എനിക്കിപ്പോൾ വെറും കളിപ്പാട്ടങ്ങളെപ്പോലെയാണ് തോന്നുന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് എല്ലാ സൗഭാഗ്യങ്ങളും ലഭിച്ചത്. എന്നാൽ എന്റെ യഥാർത്ഥ നേട്ടം സിനിമയിലെ വിജയമല്ല, മറിച്ച് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞുവെന്നതാണ്,' - ഗോവിന്ദ കൂട്ടിച്ചേർത്തു.
Bollywood actor Govinda opened up about the intense emotional trauma he experienced following the death of his mother, Nirmala Devi, in 1996. Recalling one of the darkest periods of his life, he said he entered the Narmada River while overwhelmed by grief, but was stopped by a sadhu who called out to him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |