രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'ജയിലർ 2'വിൽ മോഹൻലാലിന്റെ രംഗങ്ങൾ അവസാന നിമിഷം വെട്ടിമാറ്റിയ സംഭവത്തിൽ പ്രതികരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന്റെ ഫൈനൽ കട്ടിൽ തന്റെ രംഗങ്ങൾ നീക്കം ചെയ്ത കാര്യം മോഹൻലാലോ അദ്ദേഹത്തിന്റെ ടീമോ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. കഴിഞ്ഞദിവസം ഒരു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജയിലർ 2വിലെ മോഹൻലാലിന്റെ ചില സീനുകൾ കട്ട് ചെയ്തല്ലോ എന്നായിരുന്നു ചോദ്യം.
'അത് നമ്മൾ മലയാളികൾക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ, ആ സന്തോഷമില്ലായ്മ ഞങ്ങൾക്കുമുണ്ട്'- എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. സിനിമയുടെ ട്രെയിലറിലും മറ്റും കണ്ട രംഗങ്ങൾ തിയേറ്ററിൽ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ജയിലറിന്റെ ആദ്യഭാഗത്തിൽ 'മാത്യു' എന്ന അതിഥി വേഷത്തിൽ മോഹൻലാൽ വലിയ പ്രകടനമാണ് കാഴ്ചവച്ചത്. അതിനാൽ തന്നെ രണ്ടാം ഭാഗത്തിലും മോഹൻലാലിനെ ഏറെ പ്രാധാന്യമുണ്ടാകുമെന്നാണ് ആരാധകർ കരുതിയത് . എന്നാൽ ഷൂട്ട് ചെയ്തരംഗങ്ങൾ ഫൈനൽ എഡിറ്റിൽ പൂർണമായി ഒഴിവാക്കിയിരുന്നു. ഇത് ആരാധകർക്കിടയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ 2 സൺ പിക്‌ചേഴ്സാണ് ബിഗ് ബഡ്ജറ്റിൽ ഒരുക്കിയത്. രജനീകാന്തിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജാക്കി ഷെറോഫ്, മിഥുൻ ചക്രവർത്തി, ഹൃത്വിക് റോഷൻ, ശിവരാജ്കുമാർ, വിജയ് സേതുപതി, എസ് ജെ സൂര്യ, യോഗി ബാബു, വിദ്യ ബാലൻ, രമ്യ കൃഷ്ണ, മിർണ, പൂർണ, നോറ ഫത്തേഹി തുടങ്ങി വൻ താരനിരയും ജയിലറിൽ അണിനിരക്കുന്നുണ്ട്.
Producer Antony Perumbavoor has expressed disappointment over the reported removal of Mohanlal’s scenes from the final cut of Rajinikanth’s Jailer 2. He said neither Mohanlal nor his team had been informed about the decision in advance. The scenes featured in the trailer had raised expectations among fans, especially after Mohanlal’s memorable cameo as Matthew in the first instalment.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |