പണം സമ്പാദിക്കുന്നതിനേക്കാൾ അത് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നടി നിഖില വിമൽ. നിക്ഷേപം നടത്തി പണം ഇരട്ടിപ്പിക്കുന്നതിനേക്കാൾ നല്ലത് കൈവശമുള്ള തുക സുരക്ഷിതമായി നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു. രേഖ മേനോൻ അവതാരകയായ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
കയ്യിലുളള പണം നിക്ഷേപിച്ച് അതിന്റെ മൂല്യം വർദ്ധിപ്പിക്കണമെന്ന ചിന്ത തനിക്കും അമ്മയ്ക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നതാണെന്ന് നിഖില വ്യക്തമാക്കി. താനൊരു പിശുക്കിയാണ്. അഞ്ച് ലക്ഷം രൂപ കൈവശമുണ്ടെങ്കിൽ അത് പത്തോ ഇരുപതോ ലക്ഷമാക്കുന്നതിനേക്കാൾ ആ തുക നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.
പണം ലാഭിക്കാനും സൂക്ഷിച്ചുവയ്ക്കാനും താൽപര്യമുണ്ടെങ്കിലും അത് എങ്ങനെ ഇരട്ടിയാക്കാമെന്ന് അറിയില്ലെന്നും താൻ പഴയ രീതികൾ പിന്തുടരുന്ന ആളാണെന്നും നിഖില പറയുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട സങ്കീർണതകളോടുള്ള ഭയവും താരം അഭിമുഖത്തിൽ പങ്കുവച്ചു. പണം നിക്ഷേപിക്കാൻ തയ്യാറാണെങ്കിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പറഞ്ഞ് ഭയപ്പെടുത്തരുതെന്നാണ് കൺസൾട്ടൻസി സ്ഥാപനങ്ങളോട് ആവശ്യപ്പെടാറുള്ളതെന്ന് നിഖില പറഞ്ഞു. നിക്ഷേപത്തിൽ നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേട്ടാൽ പണം നിക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറുമെന്നും താരം വെളിപ്പെടുത്തി.
സാമ്പത്തിക ഇടപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത സ്വഭാവമാണ് തനിക്കുള്ളതെന്നും നിഖിലയുടെ വാക്കുകൾ വ്യക്തമാക്കുന്നു. നൽകാനുള്ള പണം കൃത്യസമയത്ത് ലഭിച്ചില്ലെങ്കിൽ അത് തിരികെ കിട്ടുന്നതുവരെ ബന്ധപ്പെട്ടവരെ നിരന്തരം ഓർമിപ്പിക്കുമെന്നും താരം പറയുന്നുണ്ട്. പണം ചോദിക്കാൻ മടിക്കില്ലെന്നും സിനിമാരംഗത്ത് പ്രവർത്തിക്കുമ്പോൾ ഇത്തരം സാഹചര്യങ്ങൾ നേരിടാൻ തൊലിക്കട്ടി ആവശ്യമാണെന്നും നിഖില അഭിപ്രായപ്പെട്ടു.
മൈക്ക് ഓഫ് ചെയ്ത് പറയുന്ന കാര്യങ്ങൾ പരസ്യമായി പറയാൻ തനിക്ക് മടിയില്ലെന്നും അങ്ങനെ ചെയ്യുമ്പോൾ പണം നൽകാനുള്ളവർക്ക് നാണക്കേട് തോന്നുമെന്നും താരം പറഞ്ഞു. ഇതുവഴി പലരും പണം തിരികെ നൽകാറുണ്ടെന്നും നിഖില കൂട്ടിച്ചേർത്തു. എന്നാൽ, പണം വൈകി നൽകിയവരോട് പരസ്യമായി കയർത്തു സംസാരിക്കുന്നതിന് പകരം മറ്റ് ഇടങ്ങളിൽ ഇക്കാര്യം ഉന്നയിക്കുകയാണ് തന്റെ രീതിയെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി. സാമ്പത്തിക കാര്യങ്ങളിലെ ആശങ്കയും പണം തിരികെ വാങ്ങുന്നതിൽ കാണിക്കുന്ന കർക്കശമായ നിലപാടും തുറന്നുപറഞ്ഞ നിഖിലയുടെ അഭിമുഖത്തിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
Actress Nikhila Vimal revealed her financial philosophy, prioritizing safeguarding existing money over risky investments due to anxiety about complexities. She stated she prefers securing funds rather than trying to multiply them through uncertain ventures. Vimal also elaborated on her uncompromising approach to recovering dues, asserting she openly demands payments owed without hesitation, a stance that has garnered significant attention on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |