ചെന്നൈ: നടി തൃഷ കൃഷ്‌ണനെതിരെ പൊതുവേദിയിൽ അധിക്ഷേപ പരാമർശം നടത്തിയ ഉദയനിധി സ്റ്റാലിനെ ശക്തമായി വിമർശിച്ച് ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും രംഗത്ത്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രസംഗത്തിനിടെയാണ് ഉദയനിധി സ്റ്റാലിൻ തൃഷ കൃഷ്‌ണനെ ലക്ഷ്യംവച്ചുള്ള ദ്വയാർത്ഥ പ്രയോഗം നടത്തിയത്. രാഷ്‌ട്രീയ വിഷയങ്ങളിൽ സ്‌ത്രീകളെ അനാവശ്യമായി വലിച്ചിഴയ്‌ക്കരുതെന്ന് ചിന്മയി ആവശ്യപ്പെട്ടു. രാഷ്‌ട്രീയ തർക്കങ്ങളുമായി ബന്ധമില്ലാത്ത സ്‌ത്രീകളെ ലക്ഷ്യമിടുന്ന നടപടികൾ ഒഴിവാക്കണമെന്നും ചിന്മയി പറഞ്ഞു. പുതിയ തലമുറയിലെ രാഷ്‌ട്രീയ നേതാക്കളിൽനിന്ന് കൂടുതൽ ഉത്തരവാദിത്തമുള്ള സമീപനമാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്മയി കൂട്ടിച്ചേർത്തു.
'രാഷ്‌ട്രീയക്കാർ യഥാർത്ഥ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. രാഷ്‌ട്രീയ തർക്കങ്ങളുമായി ബന്ധമില്ലാത്ത സ്‌ത്രീകളെ അതിലേക്ക് വലിച്ചിഴയ്‌ക്കരുത്' ചിന്മയി എക്‌സിൽ കുറിച്ചു.
ഉദയനിധിയുടെ പരാമർശം തികച്ചും ക്രൂരവും വിലകുറഞ്ഞതുമാണെന്നാണ് ഖുശ്‌ബു സുന്ദർ വിശേഷിപ്പിച്ചത്. അത്തരം പരാമർശം നടത്തിയതിന് ഉദയനിധി തൃഷയോട് ഉപാധികളില്ലാതെ മാപ്പ് പറയണമെന്നാണ് ഖുഷ്ബു സുന്ദർ ആവശ്യപ്പെട്ടത്. രാഷ്‌ട്രീയ എതിരാളികളുടെ പ്രകടനത്തിനോടും കാഴ്‌ചപ്പാടിനോടും ഒപ്പമെത്താൻ കഴിയില്ലെന്ന് മനസിലാകുമ്പോഴാണ് വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീലങ്ങളും പ്രയോഗിക്കുന്നതെന്നും ഖുഷ്‌ബു പറഞ്ഞു. തൃഷയോട് അപമാനകരമായി പെരുമാറിയതിൽ സ്വന്തം തെറ്റ് ഏറ്റുപറയാനും മാപ്പ് ചോദിക്കാനുമുള്ള ധൈര്യവും മാന്യതയും ഉദയനിധിക്ക് ഉണ്ടോയെന്ന് കാണാമെന്ന് ഖുഷ്ബു വെല്ലുവിളിച്ചു.
Chinmayi Sripaada and Khushbu Sundar criticised Udhayanidhi Stalin over a controversial remark allegedly aimed at actor Trisha. Khushbu demanded an apology.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |