SignIn
Kerala Kaumudi Online
Thursday, 05 November 2026 4.36 PM IST

Ramayana Movie Review- രാവണനായി തകർത്താടുന്ന യാഷ്‌; ലോകസിനിമയ്ക്ക് ഇന്ത്യയുടെ ദീപാവലി സമ്മാനം, രാമായണം എന്ന ദൃശ്യവിസ്മയം

ramayana-

വാല്മീകി രചിച്ച രാമായണം ഭാരതത്തിന്റെ ഇതിഹാസ കാവ്യമാണെങ്കിൽ നിതേഷ് തിവാരി സംവിധാനം ചെയ്ത് ഇന്ന് പുറത്തിറങ്ങിയ രാമായണം സിനിമയെ ഇന്ത്യയുടെ ഇതിഹാസ ചിത്രമെന്ന് വിശേഷിപ്പിക്കാം. വിശാലമായ കാൻവാസിൽ വൻബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം വാല്മീകി രാമായണത്തിന് പുതുതലമുറ ഒരുക്കിയ ആ‍ദരം എന്നു പറയാം. രാമായണത്തിന്റെ അടിസ്ഥാന കഥാതന്തു നിലനിറുത്തിക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യയും വിഷ്വൽ എഫക്ടുകളും ഇതിഹാസ കാവ്യത്തിന്റെ തനിമയും മഹത്വവും ചോർന്നുപോകാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലങ്കയിൽ അസുരമാതാവ് കൈകസിയുടെ മകൻ ദശാനനൻ രാവണൻ എന്ന ലങ്കാധിപതിയാകുന്നതിൽ ആരംഭിച്ച്. ​ വനവാസത്തിനിടെ സീതയെ അപഹരിച്ച് രാവണനെ നിഗ്രഹിക്കുമെന്ന് ശ്രീരാമൻ പ്രഖ്യാപിക്കുന്നിടത്താണ് രാമായണം ഒന്നാംഭാഗം അവസാനിക്കുന്നത്.

ചിത്രത്തിന്റെ ആദ്യമണിക്കൂറുകളിൽ രാവണനായി തകർത്താടുന്ന യാഷിനെയാണ് കാണാനാവുക. രൂപം കൊണ്ടും ഭാവം കൊണ്ടും രാവണനായി യാഷിന്റെ മാറ്റം അതിശയിപ്പിക്കും. രാവണനായി ഇനി എക്കാലവും പ്രേക്ഷകരുടെ മനസിൽ യാഷിന്റെ മുഖമായിരിക്കും. സാത്വിക ഭാവത്തിലും യോദ്ധാവായും രൺബീർ കപൂർ നാം കണ്ടു വന്നിരുന്ന ശ്രീരാമനെ അനുസ്മരിപ്പിക്കുന്നു. സീതയായി സായ് പല്ലവിയും മികച്ചു നിന്നു. സീതയെ യോദ്ധാവായാണ് നിതേഷ് തിവാരി സിനിമയിൽ അവതരിപ്പിക്കുന്നത് എന്നതും എടുത്തുപറയണം. അസുരൻമാരുമായി ശ്രീരാമനും ലക്ഷ്മണനുമൊപ്പം സീത എറ്റുമുട്ടുന്നുമുണ്ട്. രവി ദുബെ ലക്ഷ്മണന്റെ വേഷത്തിലും തിളങ്ങി. രാവണന്റെ അമ്മയായ കൈകസിയായി മലയാളികളുടെ പ്രിയതാരം ശോഭനയുടേതാണ് മറ്റൊരു എടുത്തുപറയേണ്ട പ്രകടനം. ദേവൻമാരോട് പരാജയപ്പെട്ട് പാതാളത്തിൽ അഭയം തേടേണ്ടി വന്ന അസുരരെ രക്ഷിക്കാൻ മകൻ ദശാനനെ ഉദ്ബോധിപ്പിക്കുന്നതിലാകട്ടെ,​ രാവണൻ ലങ്കാധിപതിയാകുമ്പോഴാകട്ടെ കൈകസിയുടെ ദുഃഖവും പകയും പ്രതികാരവും ആഹ്ലാദവും അഭിമാനവും ശോഭനയിൽ ഭദ്രമായിരുന്നു. ദശരഥ മഹരാജാവായി രാമായണം പരമ്പരയിൽ ശ്രീരാമനായി ജനമനസിൽ ഇടം നേടിയ അരുൺ ഗോവിൽ എത്തിയത് മറ്റൊരു കൗതുകമായി. കൈകേയിയായി ലാറദത്തയും ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗും മണ്ഡോദരിയായി കാജൽ അഗർവാളും മികച്ചു നിന്നു.

ഹോളിവുഡിനോടെോ അതിനപ്പുറമോ കിടപിടിക്കുന്നതാണ് രാമായണത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ശ്രീരാമന്റെ അയോദ്ധ്യയും രാവണന്റെ ലങ്കയും സീതയുടെ മിഥിലയും അതിന്റെ പ്രൗഢിയോടും ആഡംബരങ്ങളോടും കൂടിയാണ് വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നത്. രാജകൊട്ടാരങ്ങളും വന്യത നിഴലിക്കുന്ന കാടും പ്രകൃതിഭംഗി നിറയുന്ന വനവും എല്ലാം ഗംഭീര ദൃശ്യമികവോടെയാണ് സ്ക്രീനിൽ കാണാനാവുക. യുദ്ധരംഗങ്ങളിലെ വിഷ്വഷ എഫക്ടുകളും കാണികളെ വിസ്മയിപ്പിക്കും. രാവണന്റെ പുഷ്പക വിമാനവും ആകർഷകമായി. രാമായണം അറിയാവുന്നവർക്കും അറിയാത്തവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. എ.ആ‍ർ,​ റഹ്മാന്റെയും ഹാൻസ് സിമ്മറിന്റെ സംഗീതവും സിനിമയെ ആസ്വാദ്യമാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഇതിഹാസ കാവ്യത്തിന്റെ ഭംഗി ചോരാതെയാണ് സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. ജഡായുവിന് ജീവൻ പകർന്നത് അനുപംഖേറാണ്. ജഡായുവും രാവണനുമായുള്ള ഏറ്റുമുട്ടൽ ചിത്രത്തിലെ ത്രസിപ്പിക്കുന്ന രംഗങ്ങളിലൊന്നാണ്.

ലോർഡ് ഓഫ് ദ റിംഗ്സും,​ ട്രോയിയും ഒഡിസിയും ലയൺകിംഗും തുടങ്ങിയ സിനിമകൾ സമ്മാനിച്ച ഹോളിവുഡിന് ഇന്ത്യയിൽ നിന്നുള്ള മറുപടിയാണ് രാമായണം. കാത്തിരിക്കാം രാമായണ രണ്ടാംഭാഗത്തിനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOBIE REVIEW, RAMAYANA REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY