SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.30 AM IST

അടൂർ പ്രകാശ് കേരളകൗമുദിയോട്: ബി.ജെ.പി ധാരണ സി.പി.എം കേന്ദ്ര നേതൃത്വമറിഞ്ഞ്

adoor

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള തിരഞ്ഞെടുപ്പ് ഡീൽ സി.പി.എം ദേശീയ നേതൃത്വം അറിഞ്ഞാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു. 2021 തിരഞ്ഞെടുപ്പിലും ഇതേ ധാരണയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസ് കേന്ദ്രത്തിൽ പോയാണ് രഹസ്യധാരണയുണ്ടാക്കിയത്. ബി.ജെ.പി വോട്ട് നേടിയാണ് സി.പി.എം തുടർഭരണം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാദ്ധ്യത എങ്ങനെ?

നൂറിലധികം സീറ്റു നേടി യു.ഡി.എഫ് അധികാരത്തിലെത്തും. പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്നുള്ള പ്രതികരണം ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നു. കക്ഷി രാഷ്ട്രീയ ജാതി, മത ഭേദമെന്യേ എല്ലാ വിഭാഗങ്ങളിൽ നിന്നും സർക്കാരിനെതിരായ ശബ്ദമാണുണ്ടായത്. അത്രയ്ക്ക് മടുത്തു ഇടതു ഭരണം.

 പ്രതിപക്ഷ നേതാവ് ഉയർത്തിയ ഡീൽ വിവാദം ആളിപ്പടരുകയാണല്ലോ ?​

വരും ദിവസങ്ങളിൽ ഡീൽ സംബന്ധിച്ച് കൂടുതൽ വിവരം പുറത്തുവിടും. യു.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധങ്ങളിലൊന്നാവും ഇത്. 2021ലും ഇതേ ഡീലുണ്ടായിരുന്നു. ഓരോ മണ്ഡലത്തിലും എൽ.ഡി.എഫിനും ബി.ജെ.പിക്കും കിട്ടിയ വോട്ട് പരിശോധിച്ചാൽ ഇക്കാര്യം ബോദ്ധ്യമാവും. മറ്റ് ജനകീയ വിഷയങ്ങൾക്കൊപ്പം ഡീലിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഞങ്ങൾ ജനങ്ങളിലെത്തിക്കും. കേരളത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാവരുതെന്നതാണ് ബി.ജെ.പിയുടെ മുഖ്യ അജണ്ട. നിയമസഭയിൽ അവർക്ക് ഏതാനും എം.എൽ.എമാരുടെ സാന്നിദ്ധ്യവും ഉണ്ടാവണം. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഉപകാരവും പ്രത്യുപകാരവും ചെയ്യുകയാണ്.

 എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും പ്രചാരണത്തെ ബാധിക്കുമോ ?​

നിയമസഭയിലേക്ക് എം.പിമാർ മത്സരിക്കേണ്ടതില്ലെന്നത് എ.ഐ.സി.സി നേതൃത്വത്തിന്റെ പൊതുതീരുമാനമായിരുന്നു. നേതൃത്വം അങ്ങനെയൊരു തീരുമാനമെടുത്താൽ ബദലായി ആർക്കും ഒന്നും ചെയ്യാനാവില്ല. മാത്രമല്ല യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തുക എന്നതാണ് എല്ലാവരുടെയും തീവ്രമായ ആഗ്രഹം. അപ്പോൾ മറ്റ് കാര്യങ്ങൾക്ക് പ്രസക്തിയില്ല.

 കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ പിന്നാക്ക പ്രാതിനിധ്യം കുറഞ്ഞെന്ന് ആക്ഷേപമുണ്ടല്ലോ ?​

കഴിഞ്ഞ തവണത്തെക്കാൾ പ്രാതിനിധ്യം കൂടിയിട്ടുണ്ട്. പരമാവധി വിജയ സാദ്ധ്യതയുള്ള സീറ്റുകളാണ് പിന്നാക്ക വിഭാഗങ്ങൾക്കായി മാറ്റി വച്ചത്. എങ്കിലും കുറേക്കൂടി സീറ്റുകൾ നൽകാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്.

 പ്രാചരണത്തിന് വേണ്ടത്ര സമയം കിട്ടിയില്ലെന്ന് കരുതുന്നുണ്ടോ ?​ ഇത് ഫലത്തെ ബാധിക്കുമോ?​

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം പത്രികാസമർപ്പണത്തിനൊന്നും മതിയായ സമയം കിട്ടിയില്ല. ഇത്ര ചുരുങ്ങിയ കാലയളവ് ആരും പ്രതീക്ഷിച്ചതല്ല. എസ്.ഐ.ആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനോ പരിഹരിക്കാനോ സമയം ലഭിച്ചില്ല. ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടക്കാൻ പരമാവധി സമയം വിനിയോഗിക്കും.

 യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെച്ചൊല്ലി തർക്കമുണ്ടാകുമോ ?​

ഇല്ലേയില്ല. അതെല്ലാം തെറ്റായ ധാരണകളാണ്. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിക്കഴിയുമ്പോൾ എ.ഐ.സി.സി നേതൃത്വം ഇടപെടും. അതിനുസരിച്ചേ ഇവിടെ തീരുമാനമുണ്ടാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ADOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA