
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ മതിയായ ആശയ വിനിമയം നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണത്തിൽ ഹൈക്കമാൻഡ് യുക്തമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രി ശൈലി മാറ്റാതെ സർക്കാരിന് രക്ഷയില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ കണ്ട് രേഖാമൂലം പരാതി നൽകിയ അടൂർ പ്രകാശ്, ഇന്നലെ രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇന്ന് നാട്ടിലേക്ക് മടങ്ങും. അടൂർ പ്രകാശ് ഉയർത്തിയ വിഷയത്തിൽ ഡൽഹിയിലുള്ള മുഖ്യമന്ത്രി വി.ഡി.സതീശനും കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫുമായി ഹൈക്കമാൻഡ് നേതാക്കൾ ചർച്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഓഫീസിലേക്കുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നതിനാൽ പരാതി ചർച്ച ചെയ്‌തില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി അദ്ധ്യക്ഷനും കേരളാ ഹൗസിൽ കൂടിക്കാഴ്‌ച നടത്തി. പറയാനുള്ളതെല്ലാം ഖാർഗെയെ കത്ത് വഴി അറിയിച്ചതിനാൽ വിഷയം ഹൈക്കമാൻഡ് അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അടൂർ പ്രകാശ്. സർക്കാരിന്റെ പ്രധാന തീരുമാനങ്ങൾ അടുത്തദിവസത്തെ പത്രത്തിലൂടെ അറിയുന്ന സാഹചര്യമാണ് കേരളത്തിലെന്ന് അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കുള്ള മാർച്ചിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പാർട്ടി-സർക്കാർ ഏകോപനത്തിന് പുതിയ സംവിധാനമുണ്ടായേക്കുമെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |