SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

ത്രില്ലടിപ്പിച്ച് തൃത്താല

vote

പാലക്കാട്: ഇത്തവണ ഗ്ലാമർ പോരാട്ടം നടക്കുന്ന 'വി.ഐ.പി' മണ്ഡലങ്ങളിലൊന്നാണ് തൃത്താല. മന്ത്രി എം.ബി.രാജേഷും മുൻ എം.എൽ.എ വി.ടി.ബൽറാമും തമ്മിലുള്ളത് രണ്ട് രാഷ്ട്രീയ ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്. 2021ൽ വി.ടി.ബൽറാമിന്റെ 'ഹാട്രിക്' മോഹം 3,016 വോട്ടുകൾക്ക് തകർത്താണ് എം.ബി.രാജേഷ് മണ്ഡലം തിരിച്ചു പിടിച്ചത് മന്ത്രിയുടെ പ്രവർത്തനക്കരുത്തുമായി രാജേഷും, മണ്ഡലം തിരിച്ചുപിടിക്കാനുള്ള വാശിയോടെ ബൽറാമും വീണ്ടും കളത്തിലിറങ്ങുമ്പോൾ, തൃത്താല ഇത്തവണയും ത്രില്ലടിപ്പിക്കുന്നു.

സ്പീക്കറും മന്ത്രിയുമെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളാണ് എം.ബി.രാജേഷിന്റെ കരുത്ത്.2021ലെ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം കഴിഞ്ഞ 5 വർഷവും മണ്ഡലത്തിൽ പ്രവർത്തിച്ച ബൽറാം വലിയ തയാറെടുപ്പുകളോടെയാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. വി. ഉണ്ണികൃഷ്ണനാണ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥി. ബി.ജെ.പി പിടിക്കുന്ന ഓരോ വോട്ടും ഇരു മുന്നണികളുടെയും ജയപരാജയങ്ങളെ ബാധിക്കും. തൃത്താലയിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചിടത്തും എൽ.ഡി.എഫ് ഭരണമാണ്.

1965 മുതൽ ഇടതും വലതും മാറിമാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലമാണ് തൃത്താല. മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് എൽ.ഡി.എഫിന്റെ പ്രചാരണം. തദ്ദേശ, എക്‌സൈസ് മന്ത്രിയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ രാജേഷിന് മേൽക്കൈ നൽകുന്നു. തൃത്താലയിലെ റോഡുകൾ, സ്‌കൂളുകൾ, കുടിവെള്ള പദ്ധതികൾ എന്നിവയിലെ പുരോഗതി അദ്ദേഹം പ്രചാരണായുധമാക്കുന്നു. മണ്ഡലത്തിൽ എമ്പാടുമുള്ള വ്യക്തിബന്ധങ്ങൾ വഴി ലഭിച്ച ജനകീയതയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി.ബൽറാമിന്റെ പ്ലസ് പോയിന്റ്. 'തൃത്താലയുടെ സ്വന്തം ബൽറാം' എന്ന പ്രതിച്ഛായ തിരിച്ചുപിടിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ശക്തമായ സാന്നിദ്ധ്യവും രാഷ്ട്രീയ വിഷയങ്ങളിലെ തുറന്ന നിലപാടുകളും യുവ തലമുറയ്ക്കിടയിൽ അദ്ദേഹത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആർക്ക് അനുകൂലമാകുമെന്നതാണ് സ്ഥാനാർത്ഥികളുടെ വിജയം നിർണയിക്കുക. തൃത്താലയിലെ മുസ്ലിം വോട്ടുകൾ ആർക്കൊപ്പം നിൽക്കുമെന്നത് വിജയത്തെ നേരിട്ട് ബാധിക്കുമെന്ന് ചുരുക്കം. മണ്ഡലത്തിലെ ആകെ വോട്ടർമാരിൽ 49 ശതമാനവും മുസ്ലിങ്ങളാണ് . .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA