SignIn
Kerala Kaumudi Online
Sunday, 18 October 2026 12.04 PM IST

കോളേജ് പരിപാടി അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം; ലൈറ്റ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനി മരിച്ചു

READ ENGLISH VERSION
sona-narayan-das
സോന നാരായൺ ദാസ്

ഹൈദരാബാദ്: ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ എംവിഎസ്ആർ എൻജിനീയറിംഗ് കോളേജിൽ ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് എൻജിനീയറിംഗ് ഒന്നാം വർഷ വിദ്യാർത്ഥി സോന നാരായൺ ദാസാണ് മരിച്ചത്.

ആഘോഷത്തിനിടെ ലൈറ്റുകൾ സ്ഥാപിച്ചിരുന്ന സ്റ്റാൻഡ് സോനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സോനയുടെ സഹോദരിക്കും ഈ അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റടിച്ചതിനെ തുടർന്നാണ് ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണതെന്നാണ് കോളജ് അധികൃതർ പറയുന്നത്. കോളേജിന്റെ വാർഷിക സാംസ്കാരിക - സാങ്കേതിക മേളയുടെ ഭാഗമായ ആഘോഷത്തിനിടെയാണ് ദുരന്തം നടന്നത്. വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിച്ച പരിപാടി അവസാനിക്കാൻ പത്തുമിനിട്ട് ശേഷിക്കേയാണ് അപകടം.

ആംബുലൻസ് സമയത്ത് എത്താതിരുന്നതിനാൽ പരിക്കേറ്റവരെ കോളജിലെ വാഹനങ്ങളിൽ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് കോളജ് ഡയറക്ടർ പ്രസന്നകുമാർ പറഞ്ഞു. വിദ്യാർത്ഥിനിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബം ആരോപിച്ചു. പരിക്ക് നിസാരമാണെന്നാണ് ആദ്യം അറിയിച്ചതെങ്കിലും ആശുപത്രിയിലെത്തും മുൻപേ തന്നെ വിദ്യാർത്ഥിനി മരിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

English Summary

A first-year engineering student, Sona Narayan Das, died after a lighting stand collapsed on her during a Dandiya celebration at MVSR Engineering College in Hyderabad. Fourteen people were seriously injured in the incident, which occurred during the college’s annual cultural and technical fest. College authorities said strong winds caused the lighting stand to collapse.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HYDERABAD COLLEGE ACCIDENT, MVSR ENGINEERING COLLEGE, DANDIYA CELEBRATION ACCIDENT, SONA NARAYAN DAS, TELANGANA CM REVANTH REDDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360