SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.51 PM IST

ത്രികോണപ്പോരിൽ തൃശൂർ

s

തൃശൂർ: ആവേശം കൊള്ളിക്കുന്ന ത്രികോണപ്പോരാണ് തൃശൂരിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫോട്ടോ ഫിനിഷിംഗിൽ വരെയെത്തി,ഇടതിനെ തൊട്ട വിജയം ഇക്കുറി ത്രില്ലടിപ്പിക്കുന്നതാരെ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോയിൽ പങ്കെടുക്കാനെത്തി. നഗരത്തിൽ പത്മജ വേണുഗോപാലിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ കിംഗ് മേക്കർ ലീഡർ കെ.കരുണാകരന്റെ മകൾ പത്മജ കളം മാറി എൻ.ഡി.എയ്ക്കായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. എല്ലാം അനുകൂലമായിട്ടും കഴിഞ്ഞവട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയിരുന്നപ്പോൾ സി.പി.ഐയിലെ പി.ബാലചന്ദ്രനോട് 946 വോട്ടിനാണ് പത്മജ തോറ്റത്. ഒരിക്കലും ലീഡറുടെ മക്കൾ തൃശൂരിൽ നിന്ന് ജയിച്ചു കയറിയിട്ടില്ലായെന്ന ചരിത്രം തിരുത്തികുറിക്കുകയാണ് ലക്ഷ്യം.

മുൻമേയർക്ക്

എതിരെ കവി

നിരവധി വർഷക്കാലം കൗൺസിലർ,മുൻ മേയർ എന്നീ നിലകളിൽ തൃശൂരിന്റെ ഹൃദയത്തുടിപ്പുകൾ അറിയുന്ന രാജൻ പല്ലനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. അന്നത്തെ വികസനമാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്. ജനകീയനെന്ന നിലയിൽ മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് രാജന്റെ പ്രചാരണം. സിറ്റിംഗ് എം.എൽ.എ ബാലചന്ദ്രനെ മാറ്റി കവിയും സാംസ്‌കാരിക നായകനുമായ ആലങ്കോട് ലീലാകൃഷ്ണനെയാണ് സി.പി.ഐ രംഗത്തിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിനെ സംബന്ധിച്ച് ആലങ്കോടിനെ സ്ഥാനാർത്ഥിയാക്കിയത് ശരിയായ തീരുമാനമാണെന്ന് തെളിയിക്കുകയും വേണം.

ഊതിക്കാച്ചിയ

വോട്ടുകൾ

സ്വർണത്തിന്റെ തലസ്ഥാനമാണ് തൃശൂർ. ഇപ്രാവശ്യം പുതിയ പട്ടിക പ്രകാരം 8,412 വോട്ടർമാരുടെ കുറവാണ് മണ്ഡലത്തിലുണ്ടായത്. ഊതിക്കാച്ചിയ പോലെ പൊന്നായതാണ് ഇനിയുള്ള ഓരോ വോട്ടും. കഴിഞ്ഞവട്ടം മൂന്ന് മുന്നണികളും 40,000- 45000നും ഇടയിലാണ് വോട്ട് നേടിയത്. അവസാന നിമിഷം വരെ ലീഡ് നേടി പിന്നീടാണ് പത്മജ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മൂന്നാം സ്ഥാനത്ത് എത്തിയ സുരേഷ് ഗോപി 40,457 വോട്ട് നേടി. എൽ.ഡി.എഫ് 34.4ഉം,യു.ഡി.എഫ് 33.7ഉം എൻ.ഡി.എ 31.5 ശതമാനവും വോട്ട് നേടി. ഇപ്രാവശ്യവും 45,000ന് മുകളിലേക്ക് പിടിക്കുന്ന ഓരോ വോട്ടും വിജയം സുനിശ്ചിതമാക്കും. ആം ആദ്മിയുടെയും സി.പി.ഐ(എം.എല്ലി)ന്റെയും സ്ഥാനാർത്ഥികൾക്ക് പുറമേ ഒരു സ്വതന്ത്രനും മത്സരത്തിനുള്ളതിനാൽ അവർ പിടിക്കുന്ന വോട്ടും നിർണായകമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA