SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

നാല് വർഷ ബിരുദം: രണ്ടാം സെമസ്റ്ററിൽ 4 വിഷയം മാറാം

news

തിരുവനന്തപുരം: അഭിരുചിക്കനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുക്കാനും രണ്ടാം സെമസ്റ്ററിൽ 4 വിഷയങ്ങൾ വരെ മാറാനും സർക്കാർ അനുമതി നൽകിയതോടെ, നാലു വർഷ ബിരുദം വിദ്യാർത്ഥി സൗഹൃദമാവും.

മൾട്ടി ഡിസിപ്ലിനറി, എൻഹാൻസ്മെന്റ് എബിലിറ്റി കോഴ്സുകളാണ് രണ്ടാം സെമസ്റ്ററിൽ മാറാനാവുക. വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന വിഷയ കോമ്പിനേഷനുകൾ അനുവദിക്കണമെന്ന് കോളേജുകൾക്ക് നിർദ്ദേശം നൽകി. ഇഷ്ടവിഷയങ്ങൾ ലഭിക്കാത്തതിനാൽ നാലു വർഷ ബിരുദം പാളുന്നതായി 'കേരളകൗമുദി' ഡിസംബർ15ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഇഷ്ട വിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം രൂപകൽപ്പന ചെയ്യാമെന്നതായിരുന്നു നാലു വർഷ ബിരുദത്തിന്റെ പ്രത്യേകത. എന്നാൽ അദ്ധ്യാപക തസ്തിക നഷ്ടമാവാതിരിക്കാൻ തക്കവിധമുള്ള വിഷയ കോമ്പിനേഷനുകളാണ് കോളേജുകൾ നൽകുന്നതെന്ന് 'കേരളകൗമുദി' വെളിപ്പെടുത്തി. ഇതേത്തുടർന്നാണ് രണ്ടാം സെമസ്റ്ററിലെ ആറ് കോഴ്സുകളിൽ നാലെണ്ണം വരെ മാറാനുള്ള അനുമതി നൽകിയത്. ഇതിലേക്ക് കുട്ടികൾക്ക് ഓപ്ഷൻ നൽകാം. അനുവദനീയമായ സീറ്റിലേറെ അപേക്ഷകരുണ്ടെങ്കിൽ ഒന്നാം സെമസ്റ്ററിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും കോഴ്സ് അനുവദിക്കുക. ഇതിനായി റാങ്ക്‌ലിസ്റ്റുണ്ടാക്കണം. വിദ്യാർത്ഥികൾക്ക് പരാതികൾ സർവകലാശാലകളെ അറിയിക്കാം. കോഴ്സ് മാറ്റത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും കോളേജുകളോട് സർക്കാർ നിർദ്ദേശിച്ചു. അതേസമയം മേജർകോഴ്സ് ഈഘട്ടത്തിൽ മാറാനാവില്ല.

ഓൺലൈൻ കോഴ്സ്

ലിസ്റ്റ് ഉടൻ

സയൻസ് വിഷയങ്ങൾക്കൊപ്പം സാഹിത്യമോ സംഗീതമോ ഇവ രണ്ടും ചേർന്നോ പഠിക്കാമെന്നതായിരുന്നു നാലു വർഷ ബിരുദത്തിന്റെ മെച്ചം. കോളേജുകൾ ഇഷ്ട വിഷയങ്ങൾ നൽകിയില്ലെങ്കിൽ ഓൺലൈനായി പഠിക്കാം.

വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠിക്കാനുള്ള കോഴ്സുകളുടെ ലിസ്റ്റ് ഉടൻ. ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻമാർക്ക് ഇതിനുള്ള നിർദ്ദേശം സർക്കാർ നൽകി. ലിസ്റ്റിലുള്ള ഓൺലൈൻകോഴ്സുകൾ അധിക ക്രെ‌ഡിറ്രിനായി പഠിക്കാം.

''കുട്ടികൾ ആവശ്യപ്പെടുന്ന വിഷയങ്ങൾ നൽകണമെന്ന് കർശന നിർദ്ദേശം കോളേജുകൾക്ക് നൽകിയിട്ടുണ്ട്.''

-ഡോ.കെ.എസ്.അനിൽകുമാർ,

രജിസ്ട്രാർ, കേരള യൂണി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 4 YEAR DEGREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA