
ഉദിയൻകുളങ്ങര: കനത്തമഴയിൽ അടർന്നുവീണ കൂറ്റൻ പാറയുടെ അടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. പാറശാല കൊടവിളാകം പുലക്കാവിളയ്ക്ക് സമീപം കുഴിവിള വീട്ടിൽ മണിയന്റെ ഭാര്യ രാജകുമാരിയാണ് (50) അപകടത്തിൽ്പ്പെട്ടത്. വീടിനോട് ചേർന്ന് എട്ടടിയോളം ഉയരത്തിൽ മൺതിട്ടയിൽ ഉറച്ചിരുന്ന പാറയാണ് പതിച്ചത്.
പാറശാല ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ജെ.സി.ബി ഉപയോഗിച്ച് പാറ തള്ളിമാറ്റി. തുടർന്ന് തകർന്ന ടോയ്‌ലെറ്റിനും പാറയ്ക്കും ഇടയിൽപ്പെട്ട രാജകുമാരിയെ ഒരുമണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്. ഇടത് കാലിന് പൊട്ടലും അരയ്ക്ക് താഴെ ക്ഷതവും ഏറ്റിട്ടുണ്ട്. കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വെളുപ്പിന് 5.30നായിരുന്നു അപകടം. കന്നുകാലികളെ കറന്നശേഷം വീടിനോട് ചേർന്ന ടോയ്‌ലെറ്റിലേക്ക് പോകവെയാണ് കൂറ്റൻപാറ വീണത്. ഓടിമാറാൻ ശ്രമിച്ചെങ്കിലും പാറ ടോയ്‌ലെറ്റ് തകർത്ത് കുറെ മണ്ണുമായി ദേഹത്തേക്ക് പതിച്ചു. തൊഴുത്തിൽനിന്ന് വീട്ടിലേക്ക് കയറിയ മണിയൻ ശബ്ദം കേട്ടാണ് പുറത്തുവന്നത്. മണിയന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പാറശാല ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. ജെ.സി.ബി എത്തിക്കാൻ സമീപത്തെ മതിൽ ഇടിച്ചുമാറ്റേണ്ടിവന്നു. പാറ പൊട്ടിച്ചെടുത്ത കുഴിയിൽ മണ്ണ് നികത്തി നിർമ്മിച്ച വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവ് മണിയൻ പിക്കപ്പ് വാൻ ഡ്രൈവറാണ്.സുജിന,മഹിമ എന്നിവർ മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |