
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ പൊലിഞ്ഞത് എട്ടു ചെറുപ്പക്കാരുടെ ജീവൻ. തമിഴ്നാട് ദിണ്ടിഗൽ പി.എസ്.എൻ.എ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണിവർ. ഇരുളടഞ്ഞ റോഡിൽ അലസമായി പാർക്കുചെയ്ത ലോറിക്കു പിന്നിലേക്ക് ഇവരുടെ കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിൽ ചരക്കുലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിണ്ടിഗൽ വൈതിലതോപ്പംപട്ടി സ്വദേശി ജീവ (20), സേലം ഗൗണ്ടമപ്പട്ടിയിലെ വി.വിശ്വ (20), ദിണ്ടിഗൽ നല്ലംപട്ടിയിലെ ഐ.എസ്.സൂര്യ (20), മധുര നവിനിപ്പട്ടി സ്വദേശി സന്തോഷ് (20), മധുര ഓൾഡ് വിലങ്കുടി സ്വദേശി ജെ ജോഷ്വ ഹിൽസൺ (21), മധുര അയ്യങ്കോട്ടയിലെ എം.മുരളീകൃഷ്ണൻ (21), മധുര വിരഗന്നൂരിലെ ആർ.പ്രസന്ന (21), ദിണ്ടിഗൽ കലഞ്ചിപ്പട്ടി സ്വദേശി യുവസഞ്ചിത്ത് (21) എന്നിവരാണ് മരിച്ചത്.
അപകടം നടന്നയുടൻ അതുവഴിയെത്തിയ ആംബുലൻസ് ഡ്രൈവറാണ് മറ്റ് ആംബുലൻസുകളെ വിവരമറിയിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് എട്ടുപേരെയും പുറത്തെടുത്തെങ്കിലും സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊടുങ്ങല്ലൂരിലെ ആശുപത്രികളിലെത്തിച്ച മൃതദേഹങ്ങൾ തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെത്തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകി.
സുഹൃത്ത് പുതിയ കാറെടുക്കുന്നതിന്റെ ആഘോഷത്തിനിറങ്ങയതാണ് യുവാക്കൾ. ദിണ്ടിഗലിൽ നിന്ന് റെന്റ് എ കാറെടുത്ത് കോയമ്പത്തൂരിലേക്കെന്നു പറഞ്ഞാണ് ഇറങ്ങിയത്. സുഹൃത്തിന്റെ കല്യാണത്തിനു പോകുന്നെന്നും ചിലർ വീടുകളിൽ പറഞ്ഞിരുന്നു. മറ്റുചിലരുടെ വീട്ടുകാർ യാത്രയെക്കുറിച്ച് അറിഞ്ഞിരുന്നുമില്ല. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലാണ് ഉറ്റ സുഹൃത്തുക്കളെ മരണം ഒരുമിച്ച് കൂട്ടിക്കൊണ്ടുപോയത്.
സർവീസ് റോഡ് മറച്ച് ലോറി,
പാഞ്ഞുകയറി കാർ
അപകടം നടന്ന ഭാഗത്ത് എൻ.എച്ച് 66ന്റെ പണി നടക്കുകയാണ്. പനമ്പിക്കുന്നിൽ മൂന്നുപീടിക വരെ മാത്രമേ ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുകയുള്ളൂ. ഇവിടെ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങി വേണം സഞ്ചരിക്കാൻ. ഈ സ്ഥലത്ത് സർവീസ് റോഡ് മറച്ചാണ് ലോറി നിറുത്തിയിട്ടിരുന്നത്. ഇവിടെ മുന്നറിയിപ്പ് ലൈറ്റും എൻ.എച്ച് അധികൃതർ സ്ഥാപിച്ചിട്ടില്ല. അതിവേഗത്തിലെത്തിയ കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മറ്റ് രണ്ട് ലോറികളുമുണ്ടായിന്നു. അപകടം നടന്നതോടെ ഇവയുമായി ഡ്രൈവർമാർ രക്ഷപ്പെട്ടു. അനധികൃത പാർക്കിംഗിനെതിരെ മുൻകരുതൽ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാനാകുമായിരുന്ന അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ളതാണ് ചരക്കുലോറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |