
കൊച്ചി: ആസിഡ് ആക്രമണത്തിലടക്കം ഇരയായവർക്ക് 225 കേസുകളിലായി നൽകാനുള്ള നഷ്ടപരിഹാരത്തുകയായ 9.73 കോടി രൂപ അഞ്ച് ആഴ്ചക്കുള്ളിൽ സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരമാണ് ഇരകൾക്ക് കോടതി നഷ്ടപരിഹാരം അനുവദിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതി സ്വമേധയാ ആണ് വിഷയം പരിഗണിക്കുന്നത്.
ജൂലായ് വരെയുള്ള കേസുകളിലാണ് ഇത്രയും തുക അനുവദിക്കാനുള്ളത്.
മീഡിയേറ്റർമാർക്ക് പുതുക്കിയ ഓണറേറിയം നൽകണം. കുടിശിക ധനവകുപ്പ് ഉടൻ അനുവദിക്കണം.
ഇരകൾക്ക് നൽകിയ നഷ്ടപരിഹാരത്തുക പ്രതികളിൽ നിന്ന് തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സർക്കാരും കെൽസയും സത്യവാങ്മൂലം സമർപ്പിക്കണം. ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിലെ കാലതാമസം ഒഴിവാക്കണം. ഇതിനായി കേസുകളിൽ തീർപ്പുകൽപ്പിക്കുമ്പോൾ തന്നെ വിവരങ്ങൾ ശേഖരിക്കണം. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിമാർക്ക് നൽകണമെന്ന് കെൽസ മെമ്പർ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. നഷ്ടപരിഹാര വിതരണ പുരോഗതി മെമ്പർ സെക്രട്ടറി ആഴ്ചതോറും അവലോകനം ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |