
തിരുവനന്തപുരം: സർവകലാശാലകളിൽ നിർമ്മിത ബുദ്ധി (എ.ഐ) കോഴ്സുകളും പരിശീലന പദ്ധതികളും തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഡിജിറ്റൽ സർവകലാശാല, ഐസിഫോസ് എന്നിവിടങ്ങളിലാണ് കോഴ്സുകൾ. പി.ജി കോഴ്സുകൾക്ക് പുറമെ കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ പ്രോഗ്രാമുകളും അദ്ധ്യാപകർക്കായി എ.ഐ ശിൽപ്പശാലകളുമുണ്ട്. പുതുതലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ മുൻഗണന നൽകുമെന്നും യൂറോപ്യൻ എ.ഐയുടെ മാതൃകയിൽ ഉത്തരവാദിത്ത എ.ഐ നയരൂപീകരണത്തിന് ഡിജിറ്റൽ യൂണിവേഴ്സിറ്റി നടപടികൾ തുടങ്ങിയതായും കരട് എ.ഐ നയം രൂപീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.ഐ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി ഡീപ് ടെക് ഇക്കോ സിസ്റ്റം രൂപപ്പെടുത്തും. നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് എന്നിവയിൽ സംരംഭകർക്കായി ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് ക്ലസ്റ്റർ രൂപീകരിക്കുകയും ഇതിനായി 10കോടി സ്റ്റാർട്ടപ്പ് മിഷന് അനുവദിക്കുകയും ചെയ്തു. എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധിയുടെ ഉപയോഗം സാദ്ധ്യമാക്കുന്ന ഏജന്റിക് നിർമ്മിത ബുദ്ധിക്കായി ഹാക്കത്തോൺ സംഘടിപ്പിക്കും.
കൃഷി, ഭക്ഷ്യസംസ്കരണം, സ്പേസ്, പ്രതിരോധം, ആരോഗ്യം, വിനോദം, പാരമ്പര്യേതര ഊർജ്ജ മേഖലകളിൽ എ.ഐ സാദ്ധ്യത പ്രയോജനപ്പെടുത്താൻ സ്റ്റാർട്ടപ്പ് മിഷൻ എമർജിംഗ് ടെക്നോളജി ഹബിന്റെ നിർമ്മാണം ആരംഭിച്ചു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയിൽ 350കോടി ചെലവിൽ മൂന്നേക്കറിലാണ് ഹബ്. എ.ഐ ഗവേഷണഫലങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കാൻ ഡിജിറ്റൽ സയൻസ് പാർക്കുണ്ടെന്നും മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |