
തിരുവനന്തപുരം: കേരളത്തിന് അധികം വൈകാതെ എയിംസ് ലഭിക്കുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. വികസിത് ഭാരത് പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലിൽ രാജ്യത്ത് വൻകുതിപ്പാണുണ്ടാകുന്നത്. 12 വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് ഡൽഹിയിൽ മാത്രമാണ് എയിംസ് ഉണ്ടായിരുന്നത്. ഇന്ന് വിവിധ സംസ്ഥാനങ്ങളിലായി ഒരു ഡസനോളം എയിംസുകളുണ്ട്. കേരളത്തിലും അധികം വൈകാതെ ആരംഭിക്കും. ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസസിന്റെ (എസ്.യു.ടി) 15-മത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
രാജ്യത്ത് നടക്കുന്ന ബിരുദദാന ചടങ്ങുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ബിരുദങ്ങളും മെഡലുകളും സ്വീകരിക്കുന്ന പ്രവണത കൂടുന്നു. ഈ ബിരുദദാന ചടങ്ങിലും 92 വിദ്യാർത്ഥികളിൽ 60ഉം പെൺകുട്ടികളാണ്. സ്ത്രീകളുടെ ഇൗ മുന്നേറ്റം സ്വാഗതാർഹമാണ്. സ്ത്രീകളുടെ പുരോഗതി നാടിന്റെ വികസനമാണ് സൂചിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡിജിറ്റൽ ഹെൽത്ത്, അഡ്വാൻസ്ഡ് ഇമേജിംഗ്, പ്രിസിഷൻ മെഡിസിൻ എന്നിവ ആരോഗ്യ മേഖലയിൽ അസാധാരണ മാറ്റങ്ങളാണുണ്ടാക്കുന്നത്.
എന്നാൽ, സാങ്കേതികവിദ്യ വളരുന്നതോടെ ചികിത്സാരംഗത്ത് മനുഷ്യത്വം ഇല്ലാതാകരുത്. സാങ്കേതികവിദ്യക്ക് ഒരു ഡോക്ടറെ സഹായിക്കാൻ കഴിയും. പക്ഷേ അതിന് ഒരു ഡോക്ടറുടെ മാനുഷിക വശങ്ങളെ മാറ്റിസ്ഥാപിക്കാനാവില്ല. ഒരു അൽഗോരിതത്തിന് രോഗങ്ങളുടെ പാറ്റേണുകൾ തിരിച്ചറിയാനാകും. എന്നാൽ ഒരു രോഗിക്ക് എപ്പോഴും കേൾക്കാനും മനസിലാക്കാനും ഉറപ്പുനൽകാനും ഉത്തരവാദിത്വം ഏറ്റെടുക്കാനും കഴിയുന്നത് ഡോക്ടർക്ക് മാത്രമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ബാലരാമപുരം റെയ് വിജയ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ
മികച്ച വിജയം നേടിയ ഇരുപതോളം വിദ്യാർത്ഥികൾക്ക് ഉപരാഷ്ട്രപതി ഉപഹാരങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രി ബിന്ദു കൃഷ്ണ, എസ്.യു.ടി അക്കാഡമി ഒഫ് മെഡിക്കൽ സയൻസസ് ചെയർമാൻ ഡോ.എ.സി.ഷൺമുഖം, ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, അക്കാഡമി പ്രിൻസിപ്പൽ എം.കെ.ഭാസ്കർ, എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.വിജയാനന്ദ് എന്നിവർ സംസാരിച്ചു.
രാജ്യം വിടുന്ന മനോഭാവത്തിന്
മാറ്റമുണ്ടാകണം: ഗവർണർ
ഉന്നത വിജയം നേടുന്ന ഡോക്ടർമാരും മറ്റ് പ്രൊഫഷണലുകളും രാജ്യം വിടുന്ന മനോഭാവത്തിന് മാറ്റമുണ്ടാകണമെന്ന് എസ്.യു.ടി അക്കാഡമി ഒഫ് മെഡിക്കൽ സയൻസസിന്റെ ബിരുദദാന ചടങ്ങിൽ സംസാരിക്കവേ ഗവർണർ ആർ.വി.ആർലേക്കർ പറഞ്ഞു.
രാജ്യത്ത് ആദ്യമായി വയോജനക്ഷേമവകുപ്പും ജില്ലാ ആശുപത്രികളിൽ 24x7 സേവനങ്ങളും ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. എസ്.യു.ടിയിൽ 90 കോടിയോളം രൂപ ചെലവഴിച്ച് പുതിയ ഒാങ്കോളജി വിഭാഗം തുടങ്ങുമെന്ന് അക്കാഡമി ചെയർമാൻ ഡോ.എ.സി.ഷൺമുഖം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |