
ആലപ്പുഴ : അവിഹിത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ ജില്ലാ കമ്മിറ്റി മുതൽ ലോക്കൽ ഘടകം വരെയുള്ള നേതാക്കളുടെ സ്വത്ത് വിവരം പരിശോധിക്കാൻ സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം. പാർട്ടി ഭരണത്തിലുണ്ടായിരുന്ന കഴിഞ്ഞ പത്ത് വർഷത്തെ സ്വത്ത് വിവരങ്ങൾ മൂന്ന് മാസത്തിനകം ബന്ധപ്പെട്ട പാർട്ടി ഘടകങ്ങൾക്ക് നൽകണം. പത്ത് വർഷം മുമ്പ് സമർപ്പിച്ച സ്വത്തു വിവരങ്ങളുമായി ഇത് താരതമ്യം ചെയ്യും.
നേതാക്കൾക്കെതിരെ റിയൽ എസ്റ്റേറ്റ് ബിസിനസും മയക്കുമരുന്ന് കടത്തും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ജി.സുധാകരനടക്കം ഉന്നയിച്ച സാഹചര്യത്തിലാണ്
പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ഉൾപ്പെടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.പാർട്ടി നേതാക്കൾ കളങ്കിതരല്ലെന്ന് തെളിയിക്കാനും ജില്ലയിലെ പാർട്ടിയെ അഗ്നി ശുദ്ധി വരുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കാനും വിപുലമായ കർമ്മ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
സംഘടനാ ദൗർബല്യങ്ങളാണ് ഒരു സീറ്റൊഴികെ മറ്റെല്ലാ നിയമസഭാമണ്ഡലങ്ങളും ആലപ്പുഴ പാർലമെന്റ് സീറ്റും കൈയ്യടക്കിയിരുന്ന പാർട്ടിയെ ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചത്. .പാർട്ടി നേതാക്കൾ സാധാരണ ജനങ്ങളിൽ നിന്നകന്നു.പ്രത്യയ ശാസ്ത്രബോധം കൈവിട്ടു പോയവരുടെ സംഘടനാ ബോധനിലവാരം വർദ്ധിപ്പിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. മുഴുവൻ സമയ പ്രവർത്തകർക്ക് ദൈനംദിന ചെലവുകൾക്ക് മതിയായ പ്രതിഫലം നൽകും. കർഷക, ചെത്ത്, കയർ, കശുഅണ്ടി,കെട്ടിട നിർമ്മാണ തൊഴിലാളികൾ പാർട്ടിയിൽ നിന്നകന്നത് ശ്രീനാരായണീയരായ പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. ക്ഷേത്രങ്ങളുൾപ്പെടെ ആരാധനാലയങ്ങളിലും സമുദായ സംഘടനകളിലും വർഗീയ ശക്തികൾ കടന്നു വരുന്നത് തടയുന്നതിന് അത്തരം മേഖലകളിൽ പാർട്ടി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും.
അപവാദങ്ങളെ
നേരിടും
എതിരാളികളുമായി ചേർന്ന് മത്സരിച്ച ശേഷം പാർട്ടിയെയും നേതാക്കളെയും അപമാനിക്കും വിധമുള്ള പ്രസ്താവനകൾ നടത്തുന്നതിനെ കർശനമായി നേരിടും. ജി.സുധാകരന്റെ പേര് പറയാതെയായിരുന്നു പരാമർശമെങ്കിലും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ജി.സുധാകരൻ മാത്രമല്ല മറ്റ് ചിലരും ഇത്തരം രീതികൾ തുടരുന്നുണ്ടെന്നായിരുന്നു
നാസറിന്റെ മറുപടി. ജി. സുധാകരൻ ബുദ്ധിമാനായ കമ്മ്യൂണിസ്റ്റായതിനാലാണ്, പാർട്ടി അംഗത്വം പുതുക്കാതെ മറുകണ്ടം ചാടി മത്സര രംഗത്തെത്തിയത് സി.പി.എമ്മിന് തിരിച്ചറിയാൻ കഴിയാതെ പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |