SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

അപകടത്തിൽപ്പെട്ട യുവതിയെ പീ‌ഡിപ്പിച്ച സംഭവം, വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് പൊലീസ്

sc

പ്രതി കാണാമറയത്ത്,​ വീഴ്ചയില്ലെന്ന് എസ്.പി

ആലപ്പുഴ: അർദ്ധരാത്രിയിൽ വാഹനാപകടത്തിൽപ്പെട്ട യുവതിയെ രക്ഷാപ്രവർത്തകനായെത്തിയ വ്യാപാരി പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘം വീണ്ടും പരാതിക്കാരിയുടെ മൊഴിയെടുക്കും. കായംകുളം ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. എഫ്.ഐ.ആറിലും മൊഴിയിലും തൃപ്തനല്ലാത്തതിനാൽ, വീണ്ടും മൊഴിയെടുക്കാൻ വരാമോയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഫോണിലൂടെ ചോദിച്ചതായി കൊല്ലം സ്വദേശിനിയും തിരുവനന്തപുരത്തെ ഐ.ടി ജീവനക്കാരിയുമായ യുവതി പറഞ്ഞു. അപകടത്തിൽ കാലിലും തോളിലും താടിയെല്ലിലുമുണ്ടായ പരിക്ക് കാരണം യുവതി തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്ര ചെയ്യാനാകുമോയെന്ന് ഡോക്ടറുടെ നിർദ്ദേശം ലഭിച്ചശേഷം പറയാമെന്ന് അറിയിച്ചപ്പോൾ,​ അങ്ങനെയെങ്കിൽ അവിടെ എത്തി മൊഴി രേഖപ്പെടുത്താമെന്ന് ഡിവൈ.എസ്.പി അറിയിച്ചതായും യുവതി പറഞ്ഞു. എന്നാൽ,​ പ്രതി എവിടെയാണെന്നതിന് പൊലീസിന് ഉത്തരമില്ല. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്ന പ്രതി സിനിൽ സവാദിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സസ്പെൻഡ് ചെയ്തു. ആക്ടിംഗ് പ്രസിഡന്റായി നിലവിലെ യൂണിറ്റ് സെക്രട്ടറി ഷിബുവിനെ നിയമിച്ചു.

രക്ഷാപ്രവർത്തകന്റെ ക്രൂരതകൾ:

പെട്ടിഓട്ടോയിലെത്തിയ ആൾക്ക് കാവിഷർട്ടും ലുങ്കിയുമായിരുന്നു വേഷം. പ്രതി പാന്റ്സും വെള്ള ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും യുവതി ഓർക്കുന്നു. ഇയാൾക്കൊപ്പം മറ്റൊരാളും അതേ ബൈക്കിലുണ്ടായിരുന്നു. നടക്കാൻ പ്രയാസപ്പെട്ട തന്നെ ഉയർത്താനെന്ന തരത്തിൽ വസ്ത്രത്തിനുള്ളിലൂടെ കൈ കടത്തി സിനിൽ സവാദ് ഉപദ്രവിച്ചു. വാഹനത്തിൽ കയറുന്നതുവരെ അതിക്രമം തുടർന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രതി അവിടെയെത്തി. അപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങിയിരുന്നില്ല. അടുത്തെത്തിയ പ്രതി ''നിനക്ക് നടന്ന സംഭവത്തിൽ ഒരു പ്രശ്നവുമില്ല, പരാതിയുമില്ല. എത്രയും വേഗം ഇവിടെ നിന്ന് റഫറൻസ് വാങ്ങി നിന്റെ നാട്ടിലേക്ക് പോയ്ക്കൊള്ളണം'' എന്ന് ഭീഷണിപ്പെടുത്തി. എക്സറേ റൂമിൽ പരിശോധനയ്ക്കെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ജീവനക്കാരിയോടാണ് സംഭവം ആദ്യം വെളിപ്പെടുത്തിയത്. അവരാണ് പൊലീസിൽ അറിയിക്കണമെന്ന് പറഞ്ഞത്. പൊലീസിന് മൊഴി നൽകുമ്പോൾത്തന്നെ പ്രതിയുടെ സുഹൃത്ത് എന്റെ സുഹൃത്തുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. മികച്ച ചികിത്സയ്ക്കു വേണ്ടിയാണ് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടതെന്ന പ്രതിയുടെ വിശദീകരണത്തിൽ ന്യായമില്ല. കായംകുളം താലൂക്ക് ആശുപത്രിയിലെ സേവനം തൃപ്തികരമായിരുന്നു. അയാൾക്ക് സഹായിക്കാനായിരുന്നു താത്പര്യമെങ്കിൽ കൂടുതൽ സൗകര്യമുള്ള കായംകുളത്തെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമായിരുന്നുവെന്നും യുവതി പറഞ്ഞു.

പൊലീസിന് വീഴ്ചയില്ലെന്ന് എസ്.പി

സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. പ്രതി ഭീഷണിപ്പെടുത്തിയതടക്കം അന്വേഷിക്കാൻ കായംകുളം ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. അന്വേഷിച്ച് ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. കേസെടുക്കുന്നതിൽ കാലതാമസം വന്നിട്ടില്ല. ഏഴു വർഷത്തിൽ താഴെയുള്ള ശിക്ഷയായതിനാൽ പ്രതിക്ക് നോട്ടീസ് നൽകി വിട്ടയയ്ക്കുകയായിരുന്നു. ആദ്യദിനം തന്നെ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തി. രഹസ്യമൊഴിയെടുക്കാൻ കോടതിയിൽ അപേക്ഷയും നൽകി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേസെടുത്തതെന്നും എസ്.പി പറഞ്ഞു.

നടന്നതെല്ലാം ഓർമ്മയുണ്ട്

തന്നെ ലൈംഗികമായി അതിക്രമിച്ച സിനിൽ സവാദിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിൽ

ഉറച്ചുനിൽക്കുകയാണ് യുവതി. കൂട്ടുകാരിക്കും കുടുംബത്തിനുമൊപ്പം മലയാറ്റൂരിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുമ്പോഴായിരുന്നു മാർച്ച് മൂന്നിന് രാത്രി 12.45ന് കായംകുളം കെ.പി.എ.സി ജംഗ്ഷനിൽ വാഹനം ഡിവൈഡ‌റിൽ ഇടിച്ചുകയറി അപകടമുണ്ടായത്. പെട്ടി ഓട്ടോയിലെത്തിയവരും ബൈക്കിലെത്തിയ പ്രതിയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ശബ്ദം താഴ്ന്നു, ശ്വാസം മുട്ടലുണ്ടായി. എന്നാൽ,​ ബോധരഹിതയായില്ല. അവിടെ നടന്നതെല്ലാം വ്യക്തമായി ഓർമ്മയുണ്ടെന്നും യുവതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA