
ആശ്രാമത്ത് ബി.ജെ.പി - യൂത്ത് കോൺഗ്രസ് സംഘർഷം
കൊല്ലം: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കൊല്ലത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടി കാട്ടി. ഇവരെ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് കൊല്ലം ഡി.സി.സി ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് 3.10 ഓടെയായിരുന്നു സംഭവം. ആശ്രാമം മൈതാനത്ത് ഹെലികോപ്ടറിൽ വന്നിറങ്ങിയ അമിത് ഷാ കുണ്ടറയിലെ എൻ.സി.സി.എഫ് ദേശീയ സമ്മേളന വേദിയിലേക്ക് പോകാനായി മൈതാനത്തിന് പുറത്തേക്ക് കാറിൽ വരവേ വാഹനവ്യൂഹത്തിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാട്ടുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, നേതാക്കന്മാരായ കുരുവിള ജോസഫ്, സാജുഖാൻ, ശരത്ത് കടപ്പാക്കട എന്നിവരാണ് കരിങ്കൊടി കാട്ടിയത്. അഭിവാദ്യം അർപ്പിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകർ ഇതോടെ രോഷാകുലരായി. കൈയാങ്കളിയായതോടെ യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തു നീക്കി. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെത്തിച്ച് പിന്നീട് ശക്തികുളങ്ങര സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്നും നിയമസഭ ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി.ഗോപകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |