
കൊല്ലം: 'കേരളത്തിൽ ബ്ലൂ എക്കണോമി' വികസിപ്പിക്കാനുള്ള സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ. നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ ദേശീയ സമ്മേളനം കൊല്ലം കുണ്ടറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ട്രോളറുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനം, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം, കയറ്റുമതി എന്നിവയ്ക്ക് കേന്ദ്രം പിന്തുണ നൽകും. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ഡൽഹിയിലേക്ക് വന്നാൽ കേന്ദ്ര സഹകരണ വകുപ്പിന്റെ എല്ലാ പദ്ധതികളും കേരളത്തിൽ നടപ്പാക്കാനുള്ള ഇടപെടൽ നടത്താമെന്നും അമിത് ഷാ പറഞ്ഞു. സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണമാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.സി.എഫിന്റെ വനിത ഷീ മാർട്ട് ഷോപ്പുകളുടെ ഉദ്ഘാടനം, ആത്മനിർഭർ പൾസസ് മിഷൻ പദ്ധതിയുടെ ഭാഗമായി വനിതാ കർഷകർക്ക് ഉഴുന്ന്, കടല എന്നിവയുടെ സൗജന്യ വിത്ത് കിറ്റുകളുടെ വിതരണോദ്ഘാടനം, ബഫർ സ്റ്റോക്കിൽ നിന്ന് കിലോയ്ക്ക് 35 രൂപ നിരക്കിൽ സബ്സിഡി ഉള്ളി വിൽക്കാനുള്ള മൊബൈൽ വാനുകളുടെ ഫ്ലാഗ് ഓഫ്, വനിതാ കർഷകരുടെ പെൺമക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം എന്നിവയും അമിത് ഷാ നിർവഹിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, എം.ലിജു, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം.എൽ.എ, എൻ.സി.സി.എഫ് ചെയർമാൻ വിശാൽ സിംഗ്, എം.ഡി. അനീസ് ജോസഫ് ചന്ദ്ര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |