SignIn
Kerala Kaumudi Online
Monday, 28 September 2026 3.00 AM IST

കേന്ദ്ര ആഭ്യന്തരമന്ത്രിക്കുനേരെയുളള പ്രതിഷേധത്തിൽ സുരക്ഷാവീഴ്ച കേന്ദ്രഏജൻസികൾ അന്വേഷണം തുടങ്ങി

1

തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് നേരെ കൊല്ലത്തുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്ന് കേന്ദ്രഏജൻസികൾ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടുമെന്നാണ് സൂചന. കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്ടറിൽ ഇറങ്ങി കുണ്ടറയിലേക്ക് പോകാനായി കാറിൽ പുറത്തിറങ്ങുമ്പോഴായിരുന്നു പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ പോയ പൈലറ്റ് വാഹനത്തിന് അടുത്തുവരെ പ്രതിഷേധക്കാരെത്തി. ഇത് ഗുരുതര സുരക്ഷാവീഴ്ചയും ഇന്റലിജൻസ് പരാജയവുമായിട്ടാണ് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നത്. വി.ഐ.പി സുരക്ഷയിലെ അടിസ്ഥാന പ്രോട്ടോക്കോളുകൾ ലംഘിക്കപ്പെട്ടെന്നാണ് പ്രാഥമികവിലയിരുത്തൽ. അതീവസുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ യാത്രാക്രമം.

വീഴ്ചകൾ

റൂട്ടിൽ ഏർപ്പെടുത്തേണ്ടിയിരുന്ന

മുൻകരുതലുകൾ പാളി

മുൻനിരയിൽ മതിയായ പൊലീസ്

വിന്യാസം ഉണ്ടായിരുന്നില്ല.

വി.ഐ.പി.റൂട്ടിൽ ഇത്രയധികം പേർ സംഘടിച്ചെത്തിയത് മുൻകൂട്ടി അറിയുന്നതിൽ സംസ്ഥാന ഇന്റലിജൻസ് പരാജയപ്പെട്ടു.

പരാതിയുമായി ബി.ജെ.പി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി, കൊല്ലം സിറ്റി പൊലീസ് കമ്മിഷണറോട് വിശദീകരണം തേടും. അതേസമയം, സുരക്ഷാ വീഴ്ചഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന പൊലീസ് മേധാവി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

ആഭ്യന്തരമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ ഗുരുതരസുരക്ഷാവീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ കേന്ദ്ര ആഭ്യന്തരസെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. അടിയന്തര അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMITH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA