
കൊച്ചി: വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകാൻ സാധിക്കാതെ അങ്കണവാടി ക്ഷേമനിധി ബോർഡ്. നവംബറിലെ പെൻഷൻ മുടങ്ങി. ഒക്ടോബറിലെ കുടിശിക കഴിഞ്ഞ ദിവസമാണ് നൽകിയത്. 2023ൽ വിരമിച്ചവരുടെ പെൻഷൻ നൽകിയെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. 2024ൽ വിരമിച്ച 2187 പേർക്ക് ഇവ രണ്ടും കുടിശികയാണ്.
പകരം നിയമനം നടക്കാത്തതും ക്ഷേമനിധി അംശദായം മുടങ്ങുന്നതും പെൻഷൻ തുക വർദ്ധിപ്പിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം.1993ലാണ് അങ്കണവാടി ക്ഷേമനിധി ആരംഭിച്ചത്. അന്ന് വർക്കർക്ക് 20 രൂപയും ഹെൽപ്പർക്ക് 10 രൂപയുമായിരുന്ന അംശദായം ഇന്ന് 500ഉം 250ഉം ആയി. ഏറ്റവും ഉയർന്ന അംശദായമുള്ള ക്ഷേമനിധികളിലൊന്നാണിത്. വർക്കർക്ക് 2500 രൂപയും ഹെല്പർക്ക് 1500 രൂപയുമാണ് പെൻഷൻ. ഈ പെൻഷന്റെ പേരിൽ ക്ഷേമപെൻഷന് അപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലുമാണിവർ. പ്രതിമാസം 3.9 കോടി വേണം പെൻഷന്. അംശദായം ലഭിക്കുന്നത് 2.10 കോടി. ഈ തുകയും ആനുപാതികമായ സർക്കാർ വിഹിതം, സ്ഥിര നിക്ഷേപങ്ങളുടെ പലിശ എന്നിവയും ചേർത്താണ് പെൻഷൻ തുക കണ്ടെത്തുന്നത്.
□ആകെ അങ്കണവാടികൾ : 33,115
□ക്ഷേമനിധി അംഗങ്ങൾ : 55,130
□വർക്കർമാർ : 29,262
□ഹെൽപ്പർമാർ : 25,868
□ക്ഷേമനിധി പെൻഷൻകാർ : 19,629
□വർക്കർമാർ : 9,582
□ഹെൽപ്പർമാർ : 10,047
42 കോടി വേണം
വിരമിക്കുന്നവർക്ക് ക്ഷേമനിധിയിൽ അടച്ച തുകയും അതിന്റെ പലിശയും 20 ശതമാനം സർക്കാർ വിഹിതവും ക്ഷേമനിധി ആനുകൂല്യങ്ങളും നൽകും. കുടിശിക തീർക്കാൻ 42 കോടിയോളം വേണം. സർക്കാർ വിഹിതത്തിൽ നിന്ന് 50 ലക്ഷമേ ലഭിക്കാനുള്ളൂ .ഓരോ വർഷവും രണ്ടായിരത്തോളം പേർ വിരമിക്കുന്നു.
'കുടിശിക തീർക്കാൻ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും.'
-കവിത സന്തോഷ്
ജനറൽ സെക്രട്ടറി
അങ്കണവാടി വർക്കേഴ്സ് ആൻഡ്
ഹെല്പേഴ്സ് യൂണിയൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |