SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

മേധാവി റാമിന്റെ ക്രൂരകൃത്യങ്ങൾ, എല്ലാം തുറന്നുപറഞ്ഞ് വിദ്യാർത്ഥികൾ, പ്രതികളായ  അദ്ധ്യാപകർ ഒളിവിൽ

dr-mk-ram

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ദാരുണ മരണത്തിൽ ആരോപണ വിധേയരായ അദ്ധ്യാപകർ ഒളിവിൽ. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവിൽ പോയെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യാപ്രേരണക്കുറ്റവും പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി ഇരുവർക്കുമെതിരെ ജാമ്യമില്ലാക്കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഒളിച്ചത്.

കർണാടക സ്വദേശിയായ ഡോ. റാം 15 വർഷമായി ഇവിടെ അദ്ധ്യാപകനാണ്. കണ്ണൂർ ഏഴോം സ്വദേശിനിയാണ് ഡോ. സംഗീത.

നിതിൻ രാജിന്റെ മരണത്തോടെ വിദ്യാർത്ഥികൾ തങ്ങൾ നേരിട്ട ദുരവസ്ഥ തുറന്നുപറഞ്ഞു. ജാതിയും നിറവുംനോക്കി അധിക്ഷേപിച്ചു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി എന്നൊക്കെയാണ് വിളിച്ചിരുന്നത്. ക്രിസ്ത്യൻ വിദ്യാർത്ഥിയാണെങ്കിൽ ബൈബിൾ ചോദ്യങ്ങൾ ചോദിച്ച് അപമാനിക്കും.


ആൺകുട്ടികളെ ഉപയോഗിച്ച്
പെൺകുട്ടികളെ മർദ്ദിക്കും

ഡോ. റാം ആൺകുട്ടികളെ ഉപയോഗിച്ച് പെൺകുട്ടികളെ അടിപ്പിച്ചിരുന്നതായി വിദ്യാർത്ഥിനി വെളിപ്പെടുത്തി. ശബ്ദം താഴ്ത്തി സംസാരിച്ചതിന് തന്നെ അടിപ്പിച്ചു. ചെറുതായി അടിച്ചപ്പോൾ ശക്തമായി അടിക്കാൻ നിർദേശിച്ചു. ആ നിമിഷം മനസിൽ നിന്ന് മായ്ക്കാനാവുന്നില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. തലയിൽ അടിക്കുക, ചെവി കിഴുക്കുക എന്നിവ പതിവ് ശിക്ഷാ രീതിയായിരുന്നെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ഒന്നാം വർഷ വിദ്യാർത്ഥിനികളോടുള്ള ശാരീരിക ദുരുപയോഗത്തിന്റെ പേരിൽ ഡോ. റാമിന് കഴിഞ്ഞ വർഷം രണ്ടു മാസം സസ്‌പെൻഷൻ ലഭിച്ചിരുന്നു. തിരിച്ചെത്തിയ ശേഷമാണ് ആൺകുട്ടികളെ ഉപയോഗിച്ച് പെൺകുട്ടികളെ അടിപ്പിക്കുന്ന ക്രൂരരീതി ആരംഭിച്ചത്. ഒരു ബാച്ച് മുഴുവൻ സർവ്വകലാശാലാ ഡീനിന് പരാതി നൽകിയെങ്കിലും സസ്‌പെൻഷന് അപ്പുറം നടപടിയൊന്നും ഉണ്ടായില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.


മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി
ഡോക്ടർ ആകാനുള്ളതല്ലേ, ഇത്തരം പെരുമാറ്റം ട്രെയിനിംഗ് ആണെന്ന് ന്യായീകരിക്കും. പരാതി നൽകിയാൽ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുമെന്ന് ഒന്നിലേറെ വിദ്യാർത്ഥികൾ പറഞ്ഞു. സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തിയും അപമാനിക്കുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANJARAKANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA