SignIn
Kerala Kaumudi Online
Saturday, 03 October 2026 1.45 AM IST

തലസ്ഥാനത്തെ അക്രമങ്ങൾ യൂത്ത് കോൺ., എസ്.എഫ്.ഐ നേതാക്കൾ അറസ്റ്റിൽ

READ ENGLISH VERSION
arrest

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുണ്ടായ പ്രതിഷേധങ്ങളിലും അക്രമങ്ങളിലും രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹൈദർ അലി, എസ്.എഫ്.ഐ പ്രവർത്തകൻ വേണു എന്നിവരാണ് പിടിയിലായത്.

വേണുവിന് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റതാണെന്നും ഹോസ്റ്റിലിൽ കയറിയാണ് പിടികൂടിയതെന്നും എസ്.എഫ്.ഐ ആരോപിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ വ്യാഴാഴ്ച രാത്രി പൊലീസുകാരെ ആക്രമിച്ച രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കൾക്കെതിരെയും കേസെടുത്തേക്കും. അക്രമക്കേസുകളിൽ പ്രതികളാക്കപ്പെട്ടവർ പാർട്ടി ഓഫീസുകളിൽ ഒളിവിലാണെന്നും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മുന്നൂറോളം പേർക്കെതിരെയാണ് കേസ്.

മുഖ്യമന്ത്രി വി.ഡി.സതീശനെ കരിങ്കൊടി കാട്ടിയതിന് അഞ്ചും മന്ത്രി കെ.എം.ഷാജിയെ തടഞ്ഞതിന് രണ്ടും ഡി.സി.സി ഓഫീസ് ആക്രമിച്ചതിന് ഒന്നും യുവമോർച്ച പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ ഇന്നലെ റിമാൻഡ് ചെയ്തു. കന്റോൺമെന്റ് എസ്.ഐ ഗോകുലിന്റെ ചിത്രങ്ങൾ സഹിതം സമൂഹമാദ്ധ്യമത്തിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ സൈബർ അന്വേഷണം ആരംഭിച്ചു. എസ്.ഐയ്ക്ക് കൂടുതൽ സംരക്ഷണമേർപ്പെടുത്തി. കന്റോൺമെന്റ് സി.ഐ സതീഷിന്റെ കാട്ടാക്കടയിലെ വീടിനു മുന്നിൽ സി.പി.എം കഴിഞ്ഞദിവസം പ്രതിഷേധം നടത്തിയിരുന്നു. ഇവിടെയും പൊലീസ് സംരക്ഷണമേർപ്പെടുത്തി. പൊലീസുകാരെ ആക്രമിച്ചതിന് ആറ് ഡി.വൈ.എഫ്.ഐക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചെന്നിത്തലയ്ക്ക് പരാതി

നൽകി ശിവൻകുട്ടി

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ എസ്.എഫ്.ഐ പ്രവർത്തകരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി വി.ശിവൻകുട്ടിയും എസ്.എഫ്.ഐ നേതാക്കളും ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി. സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് പരാതി കൈമാറുകയായിരുന്നു. കന്റോൺമെന്റ് സ്റ്രേഷനിലെ രണ്ടു ഉദ്യോഗസ്ഥർ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നെന്നാണ് ആരോപണം. ഹോസ്റ്റലിലെ ലാത്തിച്ചാർജ്ജിന്റെ വീഡിയോയും കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA