
പെൻഷൻ ധനസഹായത്തിനും
ഓണറേറിയം കൂട്ടാനും സമരം തുടരും
തിരുവനന്തപുരം : ആശാവർക്കർമാർക്ക് ഓണറേറിയം അനുവദിക്കുന്നതിലെ ഉപാധികൾ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.
ഇവരുടെ സംഘടനാ പ്രതിനിധികളുമായി ഈ മാസം 6ന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമാണ് നടപ്പിലാക്കിയതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ആരോഗ്യ വകുപ്പിലെയും എൻ.എച്ച്.എമ്മിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട കമ്മിറ്റിയോട് ഉപാധിരഹിത ഓണറേറിയം സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ ഉപാധികളും ഒഴിവാക്കാൻ തീരുമാനിച്ചത്. ശൈലി ആപ്ലിക്കേഷനിലെ ഒ.ടി.പി സംവിധാനം അവർ ആവശ്യപ്പെട്ട പ്രകാരം നിർത്തലാക്കാൻ ഇ-ഹെൽത്തിന് നിർദേശം നൽകിയിട്ടുണ്ട്. മൂന്നുമാസത്തെ ഓണറേറിയവും അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഓണറേറിയം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഉപാധികൾ ഒഴിവാക്കിയത് സമരത്തിന്റെ വിജയമാണെന്നും എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കുന്നതിലും പെൻഷനാകുമ്പോഴുള്ള ധനസഹായം സംബന്ധിച്ചും തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
ഏതെങ്കിലും യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ 700രൂപവീതം നഷ്ടപ്പെടും എന്നതടക്കം പത്ത് ഉപാധികളാണ് ഓണറേറിയം ലഭിക്കാൻ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |