
കണ്ണൂർ:പേനയും കടലാസുമില്ലാതെ, മൊബൈലിൽ എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തായിരുന്നു ആർ.രാജശ്രീയുടെ ആദ്യകൃതി പിറന്നത്. അദ്ധ്യായങ്ങൾ പോസ്റ്റ് ചെയ്യാറുളളത് നട്ടപ്പാതിരയോ, അല്ലെങ്കിൽ പുലർച്ചെയോ... വൈകിയാൽ വായനക്കാരുടെ സന്ദേശങ്ങളും ടാഗുകളും ഫോൺ വിളികളും...
രണ്ടാമത്തെ നോവൽ 'ആത്രേയകം' എഴുതിയത് സാമൂഹ്യമാദ്ധ്യമത്തിലായിരുന്നില്ല. ആ കൃതിക്കാണ് മലയാളസാഹിത്യത്തിലെ വലിയ പുരസ്കാരങ്ങളിലൊന്നായ, അമ്പതാമത് വയലാർ അവാർഡ് ലഭിക്കുന്നത്. 'ആത്രേയക'ത്തിനു പിന്നിൽ എഴുത്തുകാരിയുടെ മടങ്ങിവരവിന്റെ കഥയുണ്ട്. വർഷങ്ങളായി നിലച്ച എഴുത്തായിരുന്നു ഫേസ്ബുക്കിൽ തുടങ്ങിയത്. പുസ്തകവിൽപനയിൽ ചരിത്രം രചിച്ച 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' അങ്ങനെ പിറന്നു. വിദ്യാർത്ഥിയായിരിക്കെ ചെറുകഥകൾ എഴുതിത്തുടങ്ങി.
മൗനം ഭേദിച്ചത് ഫേസ്ബുക്ക് കഥാപാത്രമാണ്. കല്യാണിയേച്ചി എന്ന ഗ്രാമീണഭാഷക്കാരിയുമായുള്ള സംഭാഷണങ്ങൾ രാജശ്രീ പോസ്റ്റ് ചെയ്തിരുന്നു. അതിലേക്ക് ദാക്ഷായണിയെക്കൂടി ചേർത്തു.
ഇരുപതോളം അദ്ധ്യായങ്ങളായപ്പോൾ പ്രസാധകർ സമീപിച്ചു. ഈ കൃതിക്കായിരുന്നു കേരള സാഹിത്യഅക്കാഡമി പുരസ്കാരം. അഞ്ചുവർഷത്തിനുശേഷം പിറന്ന 'ആത്രേയകം', 2016മുതൽ എഴുതിത്തുടങ്ങിയതാണ്. മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ ജീവിതത്തെ നോവലാക്കുന്നതായിരുന്നില്ല ആത്രേയകം. അത് ചെറുദേശമാണ്. വേഷം, ഭക്ഷണം, ആചാരം, വിശ്വാസം, ആശയം എന്നിവയുടെ പേരിൽ മാറ്റിനിറുത്തപ്പെടുന്ന, നിലനിൽപ്പുതന്നെ ഭീഷണി നേരിടുന്ന ദേശം.
1977 ജൂലായ് 22ന് കണ്ണൂരിലെ പറശ്ശിനിക്കടവിലായിരുന്നു ജനനം. അച്ഛൻ പി. എൻ. രാജപ്പൻ മാസ്റ്റർ, അമ്മ ആർ. രാജമ്മ. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള പഠനവിഭാഗം ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.
പുരസ്കാരത്തിന് ഏഴഴക്
ആദ്യത്തെ അവാർഡ് ജേതാവ് ലളിതാംബിക അന്തർജനമായിരുന്നെങ്കിലും( 1977) അരനൂറ്റാണ്ട് പിന്നിടുമ്പോൾ 7ാമത്തെ മാത്രം സ്ത്രീ സാന്നിദ്ധ്യമാണ് ആർ രാജശ്രീ.
ഇതിനു മുൻപ് ലഭിച്ചവരും വർഷവും
സുഗതകുമാരി - 1984
മാധവിക്കുട്ടി -1997
സാറ ജോസഫ്-2004
എം. ലീലാവതി - 2007
കെ.ആർ.മീര - 2014
''അതിയായസന്തോഷം''
വലിയ കവിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജശ്രീ പറഞ്ഞു. കാൽനൂറ്റാണ്ടോളമുളള ഇടവേളയ്ക്കുശേഷം എഴുത്തിലേക്ക് തിരിച്ചുവന്നതാണ്. 'ആത്രേയകം' ഗവേഷണത്തിന്റെ ഭാഗമായി തുടങ്ങിയ നോവലാണ്. പിന്തള്ളപ്പെട്ട മനുഷ്യരാണ് ആത്രേയകത്തിന്റെ ഉള്ളടക്കം. വയലാർ അവാർഡ് വിലപിടിച്ച അംഗീകാരമാണ്. അവാർഡ് ജേതാക്കളുടെ പേരുകൾ പഠിച്ചയാളെതേടി അവാർഡ് വന്നിരിക്കുന്നു-രാജശ്രീ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |