
മാനന്തവാടി: ദുരിതജീവിതം നയിക്കുന്ന പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമന് ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ അധികാരികളും മാനന്തവാടി കമ്മനയിലെ വീട്ടിലെത്തി 11000 രൂപ കൈമാറി.ഇനി മുതൽ മാസം തോറും 11000 രൂപ ലഭിക്കും.
'പത്മശ്രീ വയറു നിറയ്ക്കില്ല' എന്ന തലക്കെട്ടിൽ 'കേരള കൗമുദി'യിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാശ്യപാശ്രമം കുലപതിയും വേദപണ്ഡിതനുമായ ആചാര്യശ്രീ രാജേഷ്, ഡൽഹി ആസ്ഥാനമായ എം. ഡി. എച്ച് മഹാശയ് ധരംപാൽ ട്രസ്റ്റിന്റെ സഹായം തേടിയത്.
മാസം തോറും സഹായധനം നൽകാൻ ട്രസ്റ്റ് തീരുമാനിച്ചു.
കാശ്യപാശ്രമം അധികാരികളെ സന്തോഷക്കണ്ണീരോടെയാണ് രാമനും ഭാര്യ ഗീതയും സ്വീകരിച്ചത്. നാല് അലമാരകളിൽ നിറയെ പുരസ്‌കാരങ്ങളാണെങ്കിലും മഴ വന്നാൽ വെള്ളം കയറുന്ന വീടിന്റെ അവസ്ഥ അദ്ദേഹം അവരെ കാണിച്ചു. വിത്തുശേഖരണത്തിന്റെ സൂക്ഷ്മതകളെക്കുറിച്ചും, വിത്തിന്റെ മൂപ്പുകളെക്കുറിച്ചും വിവരിച്ചു. ആചാര്യശ്രീ രാജേഷിനോടും എം. ഡി.എച്ച് ചെയർമാൻ രാജീവ് ഗുലാട്ടിയോടും കേരള കൗമുദിയോടുമുള്ള നന്ദിയും കടപ്പാടും പറയുമ്പോൾ ആ വാക്കുകൾ ഇടറി.
കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റിമാരായ വിവേക് ഡി ഷേണായ്, വിപിൻ ദാസ് ആര്യ, കാശ്യപാശ്രമത്തിലെ വേദിക് ഇൻസ്ട്രക്ടർമാരായ സുരേഷ് വൈദിക്, സുന്ദരൻ വൈദിക് വയനാട് വേദവാഹിനി ഭാരവാഹികളായ രാജീവ് മേനോൻ, സുഭാഷിണി, പുഷ്പ രാജ് എന്നിവരാണ്സഹായധനം കൈമാറിയത്.
2023ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സർക്കാർ 1600 രൂപ പെൻഷൻ നൽകുന്നുണ്ടെങ്കിലും ആ തുക മരുന്നിനുപോലും തികയാത്ത അവസ്ഥയായിരുന്നു. വീട് കെട്ടിമേയാൻ പോലും കഴിയാതെ പ്രാരാബ്ധ നടുവിലായിരുന്നു ഈ മാതൃകാ കർഷകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |