SignIn
Kerala Kaumudi Online
Sunday, 27 September 2026 2.13 AM IST

പൊലീസ് സ്റ്റേഷനിൽ നിന്ന് കടത്തിയ തൊണ്ടിമുതൽ കണ്ടെത്തി

thondi

സുൽത്താൻ ബത്തേരി: കോടതി തൊണ്ടിമുതലായി പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കാനേൽപ്പിച്ച നിരോധിത പുകയില ഉത്പന്നം സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി ഓഫീസിന് സമീപത്തെ ഒഴിഞ്ഞുകിടന്ന പൊലീസ് ക്വാർട്ടേഴ്സിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. തൊണ്ടിമുതൽ കടത്തിയ കേസിലെ പ്രതി ബത്തേരി സ്റ്റേഷനിലെ സീനിയർ സി.പി.ഒ ടി. സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നം കണ്ടെത്തിയത്. മോഷണക്കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയാണ് പുകയില ഉത്പന്നങ്ങളടങ്ങിയ ചാക്കുകൾ പ്രതി ക്വാർട്ടേഴ്സിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ജൂലായ് 19 ന് പുലർച്ചെയാണ് സബിത്ത് സ്റ്റോർ റൂമിൽ നിന്ന് നിരോധിത പുകയില ഉത്പന്നം കാറിൽ കടത്തിയത്. നേരെ കൽപ്പറ്റയിലെ ഒരു വർക്ക് ഷോപ്പിനോട് ചേർന്ന സുഹൃത്തിന്റെ റൂമിൽ സൂക്ഷിച്ചു. ഈ മാസം 10നാണ് തൊണ്ടി മുതൽ സ്റ്റേഷനിൽ നിന്ന് മോഷണം പോയ വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കേസെടുത്തതോടെ അടുത്ത ദിവസം നിരോധിത പുകയില ഉത്പന്നങ്ങളടങ്ങിയ ചാക്ക് തിരികെ ആൾ താമസമില്ലാത്ത പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ച് മുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചതായി അന്വേഷണ സംഘം പറഞ്ഞു. പുകയില ഉത്പന്നങ്ങൾ ഒറ്റയ്ക്കാണ് കടത്തിയതെന്ന പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പുറത്ത് നിന്നുള്ള ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കസ്റ്റഡി കാലാവധി കഴിഞ്ഞ സബിത്തിനെയും കണ്ടെത്തിയ തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BATHERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA