
തിരുവനന്തപുരം: മദ്യവില്പനശാലകൾക്കു മുന്നിലെ ക്യൂ അനുദിനം കൂടുന്നുണ്ട്, പക്ഷേ, ബെവ്കോ ലക്കില്ലാതെ കൂപ്പുകുത്തിയത് നഷ്ടക്കുഴിയിലേക്ക്. മൂന്നു വർഷത്തോളം ലാഭം കൂട്ടിക്കൊണ്ടിരുന്ന സ്ഥാപനം കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലായി ഉണ്ടാക്കിയ നഷ്ടം 400 കോടി!
നഷ്ടത്തിൽ നിന്ന് ബെവ്കോയെ മുമ്പ് കൈപിടിച്ചുയർത്തിയ ഡി.ജി.പി യോഗേഷ് ഗുപ്ത വീണ്ടും സ്ഥാപനത്തിന്റെ തലപ്പത്തെത്തിയതാണ് ആകെ പ്രതീക്ഷ. ലോഡ് ഇറക്കുന്നതിനുള്ള വേതനം ഇരട്ടിയായതും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ഗാലനേജ് ഫീസ് ലിറ്ററിന് അഞ്ചു പൈസയെന്നത് 2024 -ലെ ബഡ്ജറ്റിൽ 10 രൂപയാക്കി ഉയർത്തിയതുമാണ് സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിച്ചതെന്നാണ് പറയുന്നത്.
മദ്യം സ്റ്റോക്ക് ചെയ്യുന്ന വെയർഹൗസുകളിൽ നിന്ന് ചില്ലറ വില്പനശാലകൾക്കും ബാറുകൾക്കും നൽകുന്ന മദ്യത്തിന്റെ അളവിന് ആനുപാതികമായി ബിവറേജസ് കോർപ്പറേഷൻ സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകയാണ് ഗാലനേജ് ഫീസ്. ലിറ്ററിന് 30 രൂപ വരെ ഗാലനേജ് ഫീസ് ഈടാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ, വർഷങ്ങളായി അഞ്ചുപൈസ ക്രമത്തിലാണ് ഈടാക്കിയിരുന്നത്. ഇത് 10 രൂപയാക്കിയപ്പോൾ 200 കോടിയോളമാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടി വന്നത്.
ലാഭത്തിൽ നഷ്ടത്തിലേക്ക്
ആദ്യ വർഷങ്ങളിൽ ലാഭത്തിലായിരുന്ന ബെവ്‌കോ കൊവിഡിനെത്തുടർന്ന് 2020-21ൽ നഷ്ടത്തിലായി (248 കോടി). യോഗേഷ് ഗുപ്ത സി.എം.ഡി ആയശേഷം 2021 -22ൽ ആറു കോടി ലാഭത്തിലായി. 2022-23-ൽ 46 കോടിയും 23-24 സാമ്പത്തികവർഷം റെക്കാഡ് ലാഭത്തിലുമെത്തി (236 കോടി).അതിനുശേഷം സി.എം.ഡിമാർ മാറിമാറിവന്നു. ബെവ്കോ നഷ്ടക്കുഴിയിലുമായി.
കയറ്റിറക്ക് കൂലി ഇരട്ടി
വെയർഹൗസുകളിൽ നിന്ന് ചില്ലറവില്പന ശാലകളിലേക്ക് എത്തിക്കുന്ന മദ്യം ഇറക്കിവയ്ക്കാൻ കെയ്സിന് 20 രൂപയാണ് ഇപ്പോൾ തൊഴിലാളി സംഘടനകൾ ഈടാക്കുന്നത്. നേരത്തെ10 രൂപയായിരുന്നു. പ്രതിദിനം 50,000 മുതൽ 60,000 കെയസ് വരെയാണ് ഷോപ്പുകളിൽ ഇറക്കേണ്ടിവരുന്നത്.
21,130.78 കോടി
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിറ്റുവരവ്
18,675.71 കോടി
സർക്കാരിന് നൽകിയ നികുതി
''ലോഡ് ഇറക്കുന്നതിനുള്ള വേതനം ന്യായമായി കുറയ്ക്കുന്നതിനെക്കുറിച്ച് തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും. നഷ്ടത്തിന്റെ തോത് കുറയ്ക്കാനുള്ള നടപടികൾക്ക് പ്രഥമ പരിഗണന നൽകും.
ഡി.ജി.പി യോഗേഷ്ഗുപ്ത,
ബെവ്കോ ചെയർമാൻ ആൻഡ് എം.ഡി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |