തിരുവനന്തപുരം: ആഭിചാര പ്രവൃത്തി തെളിഞ്ഞാൽ ഏഴുവർഷംവരെ തടവ്, ഇതിലൂടെ മരണം സംഭവിച്ചാൽ കൊലക്കുറ്റം. സംസ്ഥാനത്ത് ദുർമന്ത്രവാദത്തെ തുടർന്ന് കൊലപാതകമടക്കം പെരുകുമ്പോൾ അതിന് തടയിടാൻ കർശന വ്യവസ്ഥകളടങ്ങിയ കരടു ബിൽ തയ്യാറാക്കിയത് 2019 ഒക്ടോബറിൽ. ആറുവർഷമായിട്ടും നിയമമാക്കാനായില്ല. വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നതോടെ ആചാരങ്ങളും അനാചാരങ്ങളും വേർതിരിക്കാനാവില്ലെന്നും വിശ്വാസികൾ എതിരാവുമെന്നും ഭയന്ന് ബിൽ പൂഴ്‌ത്തി.
മതസ്ഥാപനങ്ങളടക്കം നടത്തുന്ന, ജീവന് ഹാനികരമാവാത്ത ആചാരങ്ങളെ ശിക്ഷയിൽ നിന്നൊഴിവാക്കാൻ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്. ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷനാണ് ബിൽ തയ്യാറാക്കിയത്.
ബില്ല് ഭരണഘടനയിലെ തുല്യനീതി സങ്കല്പത്തിനെതിരാണെന്നും മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളാണെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്പുയർന്നത്. അനാചാരവും അന്ധവിശ്വാസവും കണ്ടെത്താൻ പൊലീസിനെ അധികാരപ്പെടുത്തിയതിലും എതിർപ്പുണ്ടായി. ക്ഷേത്രങ്ങളിലെ കുത്തിയോട്ടം, ശൂലംകുത്തി കാവടി, വില്ലിൽതൂക്കം, മലബാറിലെ തീ തെയ്യങ്ങൾ എന്നിവയെല്ലാം വിലക്കേണ്ടിവരുമെന്നതോടെ സർക്കാർ പിൻവാങ്ങി.
2013ൽ മഹാരാഷ്ട്രയും 2017ൽ കർണാടകവും പാസാക്കിയ നിയമത്തിന് സമാനമായാണ് 'അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുർമന്ത്രവാദവും ഇല്ലാതാക്കലും നിരോധിക്കലും ബിൽ' തയ്യാറാക്കിയത്.
മരണമുണ്ടായാൽ വധശിക്ഷ
ആഭിചാരത്തിലൂടെയടക്കം മരണമുണ്ടായാൽ കൊലക്കുറ്റം ചുമത്തി വധശിക്ഷവരെ കിട്ടാവുന്ന വ്യവസ്ഥകളാണ് കരടു ബില്ലിൽ. ഗുരുതരപരിക്കിന് ജീവപര്യന്തം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഏഴുവർഷം തടവും അരലക്ഷംരൂപ പിഴയും
മന്ത്രവാദം, അക്രമ മാർഗങ്ങളിലൂടെയുള്ള പ്രേതോച്ചാടനം, മൃഗബലി തുടങ്ങിയവയെ കുറ്റകൃത്യങ്ങളുടെ പട്ടികയിലാക്കി
അനാചാരം നടക്കുന്നിടത്തടക്കം തെരച്ചിൽ നടത്താനും രേഖകൾ പിടിച്ചെടുക്കാനും പൊലീസിന് അധികാരം
ആറിടത്ത് ശക്തമായ നിയമം
കർണാടകത്തിൽ ശാസ്ത്രപിൻബലമില്ലാത്ത ആചാരങ്ങൾ ആഭിചാരവും ദുരാചാരവുമാണ്. മഹാരാഷ്ട്രയിൽ പിശാച് ബാധയൊഴിപ്പിക്കൽ, മാന്ത്രികക്കല്ല്, ദിവ്യചികിത്സ എന്നിവയ്ക്ക് 7വർഷംവരെ തടവുശിക്ഷ. ബീഹാറിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം നിയമവിരുദ്ധം. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ പ്രേതബാധയുടെ പേരിലുള്ള കൈയേറ്റം തടയാൻ നിയമം.
ജീവനെടുത്ത
ദുരാചാരങ്ങൾ
2014:തഴവയിലും പൊന്നാനിയിലും 2സ്ത്രീകൾ ദുർമന്ത്രവാദ കൊലപാതകങ്ങൾക്ക് ഇരയായി
2017:നന്തൻകോട്ട് ആസ്ട്രൽ പ്രൊജക്ഷന്റെ പേരിൽ മാതാപിതാക്കളടക്കം 4പേരെ കൊലപ്പെടുത്തി
2019:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ദുർമന്ത്റവാദത്തെ തുടർന്നുള്ള പീഡനത്തിൽ ജീവനൊടുക്കി. കരുനാഗപ്പള്ളിയിൽ ബാധയൊഴിപ്പിക്കാനായി പട്ടിണിക്കിട്ട് കൊലപാതകം
2021:പാലക്കാട്ട് ആറുവയസുകാരനെ ബലിക്കെന്ന പേരിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
2022:പത്തനംതിട്ട ഇലന്തൂരിൽ സാമ്പത്തിക അഭിവൃദ്ധിക്കായി 2സ്ത്രീകളെ നരബലി നടത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |