
തിരുവനന്തപുരം:കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂരിനെ മറ്റു നാലു പേർക്കൊപ്പം മധ്യമേഖലാ ജയിൽ ഡി.ഐ.ജി പി.അജയകുമാർ സന്ദർശിച്ചത് ഗുരുതരമായ കുറ്റമെന്ന് അന്വേഷണ റിപ്പോർട്ട്. ഡി.ഐ.ജി പി അജയകുമാർ, ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്ക് വീഴ്ച സംഭവിച്ചതായി ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ വിനോദ്കുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് ജയിൽ വകുപ്പ് മേധാവി ബൽറാംകുമാർ ഉപാധ്യായ ആഭ്യന്തരവകുപ്പിന് കൈമാറി. ഇരുവർക്കുമെതിരെ വകുപ്പു തല നടപടിയുണ്ടാകും.
ജയിലിൽ നിന്ന് ഫോൺ വിളിക്കുന്നതിന് ഡി.ഐ.ജി ചട്ടവിരുദ്ധമായി 200 രൂപ ബോബിക്ക് കൈമാറിയെന്നും ഇത് രേഖകളിൽ കൃത്രിമമായി ചേർത്തെന്നും റിപ്പോർട്ടിലുണ്ട്. ജയിൽ ഗേറ്റ് രജിസ്റ്ററിൽ രേഖപ്പെടുത്താതെ സന്ദർശകരെ അനുവദിച്ചു. സൂപ്രണ്ടിന്റെ ശൗചാലയം തടവുകാരന് ഉപയോഗിക്കാൻ അനുമതി നൽകി. ബോബിയുടെ വാഹനമാണ് അജയകുമാർ ഉപയോഗിച്ചതെന്നും ഈ വാഹനത്തിലിരുന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിൽ രേഖയിൽ തിരുത്തൽ വരുത്തുന്നതു ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജയിലിലെ ഉദ്യോഗസ്ഥരും ഡി.ഐ.ജിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. സൂപ്രണ്ട് രാജു എബ്രഹാം അന്വേഷണത്തോട് സഹകരിച്ചില്ല.
അന്വേഷണത്തിനിടെ സി.സി.ടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ് ക്വാർട്ടേഴ്സ് ഡി.ഐ.ജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി.ഡി.ഐ.ജിക്ക് ഒപ്പമുണ്ടായിരുന്ന നാലു പേരിൽ രണ്ടു പേർ വനിതകളാണ്.മേയ് മാസത്തിൽ വിരമിക്കാനിരിക്കുന്ന അജയകുമാർ ഫെബ്രുവരി ഒന്ന് മുതൽ അവധിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അജയകുമാറിനെതിരെ ജയിൽ വകുപ്പിലെ ഡ്രൈവറും പരാതി . ഡ്രൈവറുടെ ഭാര്യയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. ഈ സംഭവത്തിൽ ജയിൽ മേധാവി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |