
കൊച്ചി: സ്വകാര്യബസിന്റെ പെർമിറ്റ് പുതുക്കി നൽകാൻ മദ്യക്കുപ്പിയും പണവും കൈക്കൂലിയായി ആവശ്യപ്പെട്ട എറണാകുളം ആർ.ടി.ഒ ടി.ആർ. ജെർജസണെയും രണ്ട് ഇടനിലക്കാരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 60,000 രൂപയും 49 കുപ്പി മദ്യവും കണ്ടെടുത്തു. കൈക്കൂലി കേസിന് പുറമേ അനധികൃത സ്വത്ത് സമ്പാദത്തിനും ഇയാൾക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകും. എറണാകുളം സ്വദേശികളായ സജി, രാമപടിയാർ എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ.
പെർമിറ്റ് പുതുക്കാൻ ബസുടമയുടെ മാനേജരായ ചെല്ലാനം സ്വദേശിയോട് 25,000 രൂപയും മദ്യവും ജെർജസൺ ആവശ്യപ്പെട്ടു. ഇയാൾക്കു വേണ്ടി 5000 രൂപയും മദ്യക്കുപ്പിയും ഏറ്റുവാങ്ങുന്നതിനിടെ ഏജന്റുമാരാണ് ആദ്യം കുടുങ്ങിയത്.
ചെല്ലാനം- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസിന്റെ പെർമിറ്റ് ഈമാസം മൂന്നിന് അവാസാനിച്ചിരുന്നു. പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും താത്കാലിക പെർമിറ്റ് മാത്രമേ ആർ.ടി.ഒ നൽകിയുള്ളൂ. മാനേജർ പലവട്ടം ഓഫീസ് കയറിയിറങ്ങിയെങ്കിലും പെർമിറ്റ് പുതുക്കി നൽകിയില്ല. തുടർന്ന് ജെർജസണിന്റെ നിർദ്ദേശപ്രകാരം രാമപടിയാർ മാനേജരെ കണ്ട്, മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 25,000 രൂപ നൽകണമെന്ന് പറഞ്ഞു.
മാനേജർ ഇക്കാര്യം വിജിലൻസ് എറണാകുളം സെൻട്രൽ യൂണിറ്റ് എസ്.പി എസ്. ശശിധരനെ അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ പരാതിക്കാരൻ സജിക്ക് 5,000 രൂപയും ഒരു കുപ്പി മദ്യവും നൽകി. ഈസമയം സജിക്കൊപ്പം രാമപടിയാറും ഉണ്ടായിരുന്നു. ഇരുവരെയും കൈയോടെ പിടികൂടി ചോദ്യംചെയ്തപ്പോൾ ആർ.ടി.ഒയ്ക്ക് നൽകാനായാണ് പണം കൈപ്പറ്റിയതെന്നു കുറ്റസമ്മതം നടത്തി. തെളിവുകൾകൂടി ശേഖരിച്ചശേഷമാണ് ജെർജസണിനെ അറസ്റ്റ് ചെയ്തത്.
പ്രതികളെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അനുവദനീയമായതിലേറെ മദ്യം കൈവശംവച്ചതിന് ആർ.ടി.ഒയ്ക്ക് എതിരെ അബ്കാരി കേസ് എടുക്കാനും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |