
പാലക്കാട്: പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച് കള്ളന്റെ സവാരി. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് പാലക്കാട് ഡിപ്പോയിലെ കെ.എൽ15 9334 എന്ന രജിസ്‌ട്രേഷനിലുള്ള ഓർഡിനറി ബസ് റോഡിലൂടെ നൂറണി ഭാഗത്തേക്ക് ചീറിപ്പാഞ്ഞു പോകുന്നത് ഗാരേജിലെ മെക്കാനിക്കൽ തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവർ സീറ്റിലേക്ക് നോക്കുമ്പോൾ ഓടിക്കുന്നത് ആരെന്ന് ഒരു ഐഡിയയുമില്ല.
അവർ ബൈക്കെടുത്ത് പുറകെ വച്ചു പിടിച്ചെങ്കിലും പത്തു മിനുട്ടിന്റെ വ്യത്യാസത്തിൽ ബസ് അപ്രത്യക്ഷം. ജീവനക്കാർ പലരും പല വഴിക്ക് അന്വേഷിച്ചെങ്കിലും ബസ് കണ്ടെത്താനായില്ല. അതേ സമയം അധികൃതർ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിക്കുകയും അഞ്ച് മണിയോടെ മംഗളം ടവറിന് സമീപത്ത് വച്ച് ബസ് കണ്ടെത്തുകയുമായിരുന്നു. നഗരത്തിലൂടെ നാല് കിലോമീറ്ററോളം ഓടിച്ചതിനു ശേഷമാണ് അജ്ഞാതൻ ബസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ഇതിനിടെ ബസ് ഒരു കടയിലും വീടിന്റെ മതിലിലും ഇടിച്ച് ഒരുവശം പൂർണമായി തകർന്നു.
കഴിഞ്ഞ ദിവസം സർവ്വീസ് കഴിഞ്ഞു വന്നതിനുശേഷം കുളിപ്പിച്ചു കുട്ടപ്പനാക്കി ലിങ്ക് റോഡിൽ പാർക്ക് ചെയ്തിരുന്ന പാലക്കാട് വടക്കഞ്ചേരി, ആലത്തൂർ റൂട്ടിലോടുന്ന ടൗൺ ടു ടൗൺ ബസാണ് അജ്ഞാതൻ ഓടിച്ചു കൊണ്ട് പോയത്. ഇത്തരം ബസുകൾക്ക് താക്കോലില്ല. സ്വിച്ച് അമർത്തിയാണ് ബസ് സ്റ്റാട്ടാക്കുന്നത്. അതിനാലാണ് ഒരു പൂപറിക്കുന്ന ലാഘവത്തോടെ വിരുതന് ഒരു ബസുമായി കടന്നു കളയാൻ സാധിച്ചത്.
സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരെത്തി ബസിൽ പരിശോധന നടത്തി. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോ മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |