
തിരുവനന്തപുരം: കുട്ടികളിലെ മാനസികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് 'ടോക് റൂം' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കുട്ടികൾക്ക് ആശങ്കകളും പ്രശ്‌നങ്ങളും പങ്കു വയ്ക്കാൻ സുരക്ഷിതമായ
ഇടമൊരുക്കുകയാണ് ലക്ഷ്യം. ' ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യുവജന സംഘടനകളുടെ യോഗത്തിലായിരുന്നു പ്രഖ്യാപനം.കായിക, ചലച്ചിത്ര താരങ്ങളെ പങ്കെടുപ്പിച്ച് ഓപ്പറേഷൻ തൂഫാൻ ജനകീയമാക്കണമെന്ന് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു.
സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കാൻ വിദഗ്ദ്ധരെ നിയോഗിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളിൽ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകൾ കാര്യക്ഷമമല്ലെന്ന് യൂത്ത് ലീഗ് പ്രതിനിധികൾ പറഞ്ഞു. സ്കൂൾ, കോളേജ് പരിസരത്തെ ലഹരി വിൽപ്പനയിലും കുട്ടികളെ ലഹരി വിതരണത്തിന് നിയോഗിക്കുന്നതിലും എസ്.എഫ്.ഐ ആശങ്കയറിയിച്ചു. ലഹരിവിരുദ്ധ ചികിത്സ താലൂക്ക് ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും എൻ.ഡി.പി.എസ് നിയമത്തിൽ ഭേദഗതി വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
25സംഘടനകളുടെ 47പ്രതിനിധികൾ പങ്കെടുത്തു.
ആന്റി-ഡ്രഗ്
ക്ലബുകൾ വേണം
സ്കൂളുകളിലെ വിവിധ ക്ലബുകൾ ഏകോപിപ്പിച്ച് ആന്റി-ഡ്രഗ് ക്ലബുകൾ രൂപീകരിക്കണം. രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണം.
ഓൺലൈൻ ലഹരി വിൽപ്പന നിരീക്ഷിക്കണം. വിവരങ്ങൾ നൽകുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമാക്കണം.
കുടുംബശ്രീയെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തണം. ലഹരിവിരുദ്ധ പാഠങ്ങൾ സിലബസിലുൾപ്പെടുത്തണം.
ലഹരിവിൽക്കുന്ന കടകളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കണം. കോളേജ് യൂണിയനുകളെ തൂഫാനിൽ ഉൾപ്പെടുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |