SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.36 AM IST

സിക്കിമിലെ തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശിയുടെ കുടുംബം അപകടസ്ഥലത്ത്; രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് വിവരം

READ ENGLISH VERSION
sikkim-tunnel-accident
സിക്കിമിൽ സ്‌ഫോടനമുണ്ടായ തുരങ്കത്തിന് മുന്നിൽ നിൽക്കുന്ന രക്ഷാപ്രവർത്തകർ

ഗാംഗ്‌ടോക്: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹന്റെ (43) കുടുംബാംഗങ്ങൾ അപകടസ്ഥലത്തെത്തി. അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ, അനീഷിന്റെ സഹോദരൻ എന്നിവരാണ് സിക്കിമിലെത്തിയത്. ഡൽഹിയിലെത്തിയ മൂന്നുപേരെയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎച്ച്‌പിസി) അധികൃതർ വിമാനമാർഗം സിക്കിമിലെത്തിക്കുകയായിരുന്നു. സിഗ്നലിന്റെ ഉൾപ്പെടെ പ്രശ്‌നമുള്ളതിനാൽ തെരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അനീഷിന്റെ സഹോദരൻ നാട്ടിലുള്ള സുഹൃത്തുക്കളെ അറിയിച്ചു.

എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരാണ് ജിയോളജിസ്റ്റായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹൻ. 16 വർഷമായി എൻഎച്ച്‌പിസിയിൽ ഉദ്യോഗസ്ഥനാണ്. കുടുംബസമേതം ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുമ്പാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഇതോടെ ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ് അനീഷ്.

ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001- 04ൽ നാട്ടകം ഗവ.കോളേജിൽ നിന്ന് ബിഎസ്‌സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി. 2026 മുതൽ സിക്കിമിൽ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയാണ്. വെള്ളൂരിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. മക്കൾ: കാർത്ത്യായനി, ആരവ്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. മീഥെയ്ൻ വാതകം കെട്ടിക്കിടക്കുന്ന പാറകൾ വൻശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആഘാതത്തിൽ മണ്ണിടിഞ്ഞുവീണ് തുരങ്കത്തിന്റെ വാതിൽ അടഞ്ഞു. മീഥെയ്ന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥതയുണ്ടായി. തുരങ്കത്തിലും സമീപത്തും മീഥെയ്ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയവയുടെ സാന്നിദ്ധ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. 20 തൊഴിലാളികൾ അപകടത്തിൽ മരിച്ചു. മണിക്കൂറുകളായി സമർദംഗ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന അനീഷ് ഉൾപ്പെടെയുള്ള അഞ്ചുപേർക്കായി തെരച്ചിൽ തുടരുകയാണ്.

English Summary

The family of missing Kottayam native Aneesh Mohan has reached Sikkim, where rescue efforts continue after a deadly tunnel collapse. Toxic gases inside the tunnel have made the operation highly challenging.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIKKIM TUNNEL COLLAPSE, KOTTAYAM NATIVE, SIKKIM RESCUE OPERATION, SIKKIM TUNNEL ACCIDENT, SIKKIM MALAYALI MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA