
കണ്ണൂർ: മുട്ടിൽ മരംമുറിക്കേസിലെ പ്രതികൾ റിപ്പോർട്ടർ ടി.വി.ഓഫിസിൽ ഗൂഢാലോചന നടത്തിയെന്ന പരാതി തനിക്കു ലഭിച്ചതായി വനംമന്ത്രി ഷിബു ബേബിജോൺ. ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ടു. ഗൂഢാലോചനയ്ക്ക് മറ്റൊരു മാദ്ധ്യമപ്രവർത്തകൻ ദൃക്സാക്ഷിയാണെന്ന് പരാതിയിലുണ്ട്.
ഇ-മെയിലിലായിരുന്നു പരാതി. ആന്റോ അഗസ്റ്റിൻ ഉൾപ്പെടെ മൂന്നു പ്രതികൾ ചാനൽ മേധാവിയായിരുന്ന എം.വി.നികേഷ്കുമാറിന്റെ സാന്നിദ്ധ്യത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പരാതി മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിന്റെ വസ്തുതയും ഗൂഢാലോചനയും പരിശോധിക്കപ്പെടണമെന്നാണ് ആവശ്യം.
മരംമുറിക്കു വഴിയൊരുക്കിയ വിവാദ ഉത്തരവ് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക് ഇറക്കിയത് ഉൾപ്പെടെ സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരൂഹമായ ഇടപെടലുകൾ നടന്നോ എന്ന് സംശയമുണ്ട്. തിരുത്തലുകളോടെ പുതിയ കുറ്റപത്രം കോടതിയിൽ നൽകിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിലെ വീഴ്ച ബോധപൂർവമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വനംവകുപ്പ് മേധാവിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകും. മരംമുറിയുമായി ബന്ധപ്പെട്ട് 41 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കെ.എ.എസ്.ഇ ഡയറക്ടറായി നിശ്ചയിച്ചിരുന്ന ടോം ജോസഫിനെതിരായ വാർത്തകളെക്കുറിച്ച് എ.ഡി.ജി.പിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിയാൻ സന്നദ്ധനായി. ടോം ജോസഫിനെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നു.
മന്ത്രിമാരുടെ വിദേശയാത്രകളിൽ അസ്വാഭാവികതയില്ല. പ്രവാസി മലയാളികളുടെ വോട്ടും നേടിയാണ് ജയിച്ചത്. സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യാൻ മുൻകൂർ അനുമതി വേണമെന്നത് അറിയില്ലായിരുന്നുവെന്നും മന്ത്രി
മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |