
ഇന്ന് ലോക സമുദ്ര ദിനം. പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കാൻ യു.ഡി.എഫ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന സ്വപ്ന പദ്ധതികളിൽ ഒന്ന് സമുദ്രവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു ദിനമാണിന്ന്.
ജൂൺ എട്ട്, ലോക സമുദ്ര ദിനം. നമ്മളാരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നൊരു ദിനം. പക്ഷേ, ഇത്തവണ അങ്ങനെയല്ല. പുതുയുഗത്തിലേക്ക് കേരളത്തെ നയിക്കാൻ യു.ഡി.എഫ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന സ്വപ്ന പദ്ധതികളിൽ ഒന്ന് സമുദ്രവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു ദിനമാണിന്ന്.
600 കിലോമീറ്റർ ദൂരം കടൽത്തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്‌നർ ടെർമിനലും 17 ഇടത്തരം തുറമുഖങ്ങളുമുണ്ട്. ഇതെല്ലാം സംയോജിപ്പിച്ച് കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുകയെന്നത് ഈ സർക്കാരിന്റെ സ്വപ്നമാണ്. റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ അൻപത് ശതമാനമെങ്കിലും കടൽ വഴിയാക്കണം. രണ്ടാംഘട്ടത്തിൽ ക്രൂസ് ഷിപ്പിംഗും മൂന്നാംഘട്ടത്തിൽ നദികളുമായി സംയോജിപ്പിച്ചുള്ള ടൂറിസം പദ്ധതികളുമാണ് ലക്ഷ്യം.
കേരളം ഒരു തുറമുഖ നഗരമായി മാറുമ്പോൾ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങളുമുണ്ടാകും. ലോകത്തിന്റെ ഹബ്ബായി അറിയപ്പെടുന്ന ദുബായ് നഗരത്തിന്റെ ജി.ഡി.പിയുടെ 28 ശതമാനമാണ് തുറമുഖത്തിൽ നിന്നും ലഭിക്കുന്നതെന്ന് ഓർക്കണം. അങ്ങനെ നോക്കുമ്പോൾ അനന്തമായ സാദ്ധ്യതകളാണ് നമ്മുടെ കടലും കടൽത്തീരവും നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്.
'നമ്മെ നിലനിറുത്തുന്നതിനെ സംരക്ഷിക്കാം' എന്നതാണ് ഇത്തവണത്തെ സമുദ്ര ദിനത്തിന്റെ ആഗോള പ്രമേയം. സമുദ്ര സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, സുസ്ഥിര സമുദ്ര സമ്പദ് വ്യവസ്ഥ, സമുദ്ര ജൈവവൈവിദ്ധ്യ സംരക്ഷണം, സമുദ്രാധിഷ്ഠിത സുസ്ഥിര വികസന പരിഹാരങ്ങൾ എന്നിവയാണ് ഇത്തവണത്തെ ശ്രദ്ധാമേഖലകൾ.
കേരളം ഇന്ത്യയുടെ
സമുദ്ര കവാടം
ഇന്ത്യയുടെ സമുദ്ര കവാടമെന്ന് കേരളത്തെ വിശേഷിപ്പിക്കാം. ചരിത്രപരമായും സാമ്പത്തികമായും സമുദ്രാധിഷ്ഠിത വികസനത്തിന് അനുയോജ്യമായ ഭൂപ്രദേശമാണിത്.
17 നോൺ മേജർ തുറമുഖങ്ങൾ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിൻ തുറമുഖം, കൊച്ചിൻ ഷിപ്പിയാർഡ്, നിരവധി മത്സ്യബന്ധന ഹാർബറുകൾ, മൂന്ന് ദേശീയ ജലപാതകൾ, ലോകപ്രശസ്തമായ തീരദേശകായൽ വിനോദസഞ്ചാര മേഖലകൾ എന്നിവ കേരളത്തിന്റെ പ്രധാന സമുദ്ര ആസ്തികളാണ്. ദക്ഷിണേഷ്യയിലെ മാതൃകാപരമായ സുസ്ഥിര തുറമുഖ വികസന പദ്ധതിയായി വിഴിഞ്ഞത്തിന് മാറാൻ കഴിയും.
കേരളത്തിന്റെ ഭാവി വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ചാലക ശക്തിയായി തുറമുഖ മാരിടൈം മേഖലയെ മാറ്റണം. ഇതിനായി സുസ്ഥിര മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്ര ജൈവസാങ്കേതിക വിദ്യ, സമുദ്രാധിഷ്ഠിത നവീന ഊർജം, ലോജിസ്റ്റിക്സ്, കപ്പൽ നിർമ്മാണം, തീരദേശവിനോദ സഞ്ചാരം, കയറ്റുമതി പ്രോസസിംഗ് മേഖലകൾ, വെയർഹൗസിംഗ് സൗകര്യങ്ങൾ, ഹരിത തുറമുഖങ്ങൾ, ശുദ്ധ ഇന്ധനങ്ങൾ, ക്രൂസ് ടൂറിസം, സമുദ്ര പൈതൃക ടൂറിസം, ഇക്കോ ടൂറിസം, സമുദ്ര വിനോദ പ്രവർത്തനങ്ങൾ, മാരിടൈം സർവകലാശാലകൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഭാവിയിലേയ്ക്കുള്ള
നിക്ഷേപം
സമുദ്ര മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും തീര ശോഷണവും പ്ലാസ്റ്റിക് മാലിന്യങ്ങളും സമുദ്ര ആവാസ വ്യവസ്ഥകളെയും തീരദേശ സമ്പദ് വ്യവസ്ഥകളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഈ വെല്ലുവിളികൾ അതിജീവിക്കേണ്ടതുണ്ട്. ലോക സമുദ്ര ദിനം ഒരു പ്രതീകാത്മക ആഘോഷം മാത്രമല്ല. ജീവൻ നിലനിറുത്തുന്നതും സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതും കാലാവസ്ഥയെ നിയന്ത്രിക്കുന്നതും രാഷ്ട്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും സമുദ്രങ്ങളാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്. സമുദ്ര സംരക്ഷണം ഒരു പരിസ്ഥിതി ഉത്തരവാദിത്വം മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയിലേയ്ക്കുള്ള നിക്ഷേപമാണ്. സുസ്ഥിര സമുദ്ര വികസനവും ഉത്തരവാദിത്വപരമായ സമുദ്ര ഭരണവും സമുദ്ര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട സംരംഭങ്ങളും സമുദ്ര സംരക്ഷണവും വികസനനയങ്ങളുടെ കേന്ദ്ര ബിന്ദുവാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |