
കൊച്ചി: ഭാര്യയാണെങ്കിലും 18 തികയാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യന്റെ ഉത്തരവ്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിടുന്ന പോക്സോ നിയമത്തിന് വ്യക്തിനിയമങ്ങളെക്കാൾ മുൻഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാരോപിച്ച് 2022ലാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടി തന്റെ ഭാര്യയാണെന്നും ഇസ്‌ലാമിക ആചാരപ്രകാരം വിവാഹം കഴിഞ്ഞതാണെന്നും പ്രതി വാദിച്ചു. 15 കഴിഞ്ഞ ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന ഐ.പി.സിയിലെ ഇളവും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന പോക്സോ, സവിശേഷ നിയമമായി കണക്കാക്കണമെന്ന് മുൻകാല വിധികൾ ഉദ്ധരിച്ച് കോടതി പറഞ്ഞു. 18ൽ താഴെയുള്ള ആരെയും കുട്ടിയായാണ് നിയമം കാണുന്നത്. വിവാഹിതയാണോ അല്ലയോ എന്നത് പ്രസക്തമല്ല.
ഭാര്യയ്‌ക്ക് 15 തികഞ്ഞാൽ ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന ഐ.പി.സിയിലെ വ്യവസ്ഥ സുപ്രീം കോടതി ഭേദഗതി ചെയ്തിരുന്നു. 'ഇൻഡിപെൻഡന്റ് തോട്ട്" കേസിലെ വിധിപ്രകാരം ഈ പ്രായപരിധി 18 വയസാക്കിയിട്ടുണ്ട്. അതിനാൽ ഹർജിക്കാരൻ കുറ്റം ചെയ്തെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ കേസ് തുടരാമെന്നും കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |