SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

ക്രീമിലെയർ 12 ലക്ഷം ആയേക്കും, സമ്മർദ്ദവുമായി ബീഹാറും ഒഡീഷയും

READ ENGLISH VERSION

creamy-layer-

തിരുവനന്തപുരം: സംവരണാടിസ്ഥാനത്തിൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ നിയമനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ലഭിക്കാനുള്ള ക്രീമിലെയർ വരുമാന പരിധി 12 ലക്ഷമായി കേന്ദ്ര സർക്കാർ ഉയർത്തിയേക്കും.നിലവിൽ എട്ടു ലക്ഷമാണ്. 12 ലക്ഷമായി ഉയർത്തണമെന്ന് ദേശീയ പിന്നാക്ക സമുദായ കമ്മിഷൻ നേരത്തേ ശുപാർശ ചെയ്തിരുന്നു.

രൂപയുടെ മൂല്യം ഇടിഞ്ഞതും വില സൂചിക ഉയർന്നതും കണക്കിലെടുത്തായിരുന്നു നിർദ്ദേശം.

ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലെയും ബി.ജെ.പി ഭരിക്കുന്ന ഒഡിഷിലെയും സർക്കാരുകൾ വരുമാന പരിധി 15 ലക്ഷമായി ഉയർത്തണമെന്ന നിലപാടിലാണ്. ബി.ജെ.പി.- ജെ.ഡി.യു സഖ്യം ഭരിക്കുന്ന ബീഹാർ സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒക്ടോബറിലെ നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് രാഷ്ട്രീയ തീരുമാനമാണ് ബീഹാർ സർക്കാർ പ്രതീക്ഷിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉയരുന്നതിനനുസരിച്ച് വരുമാന പരിധിയും ഉയർത്തിയില്ലെങ്കിൽ, താഴെത്തട്ടിലുള്ള വലിയൊരു വിഭാഗത്തിന് ആനുകൂല്യം കിട്ടാതെപാേവും. കേന്ദ്ര ജീവനക്കാരുടെ

ശമ്പള പരിഷ്കരണത്തിനുള്ള കമ്മിഷൻ രൂപീകരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പുതിയ ശുപാർശ പ്രകാരമുള്ള ശമ്പള വർദ്ധന നടപ്പിലാവാൻ ഒരു വർഷമെങ്കിലും കാത്തിരിക്കണം.കേന്ദ്ര സർക്കാരിന്റെ പുതിയ ബഡ്ജറ്റിൽ പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇതുമായി നേരിട്ട് ബന്ധമില്ലെങ്കിലും,ഇളവ് ലഭിക്കുന്ന പിന്നാക്ക വിഭാഗക്കാർക്ക് ക്രീമിലെയർ വരുമാന പരിധി 8 ലക്ഷമായി തുടരുന്നതിലെ അനൗചിത്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വരുമാന പരിധി ഉയർത്തിയിട്ട് 7 വർഷം

ക്രീമിലെയർ വരുമാന പരിധി നിർബന്ധമായും മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കണമെന്ന് ജസ്റ്റിസ് ആർ.എൻ .പ്രസാദ് ചെയർമാനായ ഉന്നതാധികാര കമ്മിറ്റി 1993 സെപ്തംബർ 9ന് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.രൂപയുടെ മൂല്യ വ്യതിയാനമനുസരിച്ച് അതിന് മുമ്പും പരിഷ്ക്കരിക്കാമെന്ന് ശുപാർശയും ചെയ്തു. പക്ഷേ, വരുമാന പരിധി ഒരു ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമായി ഉയർത്തിയത് 11 വർഷം കഴിഞ്ഞാണ്.

2004.................2.5 ലക്ഷം

2008..................4.5 ലക്ഷം

2013..................6 ലക്ഷം

2017................. 8 ലക്ഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREEMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA