
കായംകുളം: ഭാര്യയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു കൊന്ന് കുളത്തിലിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധനാണ് (50) ഭാര്യ സുഷമയെ (45) കൊന്ന ശേഷം ജീവനൊടുക്കിയത്.
26ന് പുലർച്ചെ ആറിനാണ് വീടിനു സമീപത്തെ പുളിമരത്തിൽ സുധന്റെ മൃതദേഹം കണ്ടെത്തിയത്. സുഷമയെ വീട്ടിൽ കാണാത്തതിനെ തുർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വൈകിട്ട് അഞ്ചോടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയത്.
വാക്കുതർക്കത്തെ തുടർന്ന് ശനിയാഴ്ച രാത്രിയിലാണ് കിടപ്പുമുറിയിൽ വച്ച് സുധൻ ഭാര്യയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. രക്തക്കറയും അടിക്കാനുപയോഗിച്ച ചുറ്റികയും മുറിയിലുണ്ടായിരുന്നു. മൃതദേഹം കുളക്കരയിലേക്ക് വലിച്ചിഴച്ച പാടും കണ്ടെത്തി.
മദ്യപാനിയായിരുന്ന സുധൻ നിരന്തരം ഭാര്യയെ ഉപദ്രവിച്ചിരുന്നു. പാചകത്തൊഴിലാളിയായിരുന്നു. കൂലിപ്പണിക്കാരനായ മകൻ സുജിത്ത് ശനിയാഴ്ച വൈകിയാണ് വീട്ടിലെത്തിയത്. ഇതിന് മുമ്പാണ് കൊലപാതകം നടന്നത്. സുഷമയുടെ വാരിയെല്ലിനും പൊട്ടലുണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.
വീട്ടുജോലിയ്ക്ക് പോകുന്ന സുഷമ രണ്ട് ദിവസം കൂടുമ്പോഴേ വീട്ടിലെത്താറുള്ളൂ. മകൾ സുജ വിവാഹിതയാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കായംകുളം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |