സംഭവം പാലക്കാട്ടെ നെൻമാറയിൽ പ്രതിക്കായി തമിഴ്നാട്ടിലും തെരച്ചിൽ
നെന്മാറ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയെയും അമ്മയെയും പട്ടാപ്പകൽ വെട്ടിക്കൊന്നത് നാടിന് തീരാ നോവായി. പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സുധാകരൻ (56), അമ്മ ലക്ഷ്മി (78) എന്നിവരെയാണ് പ്രതിയായ ചെന്താമര ക്രൂരമായി കൊന്നത്. ഇന്നലെ രാവിലെ 9.15നായിരുന്നു അരും കൊല. വ്യക്തി വൈരാഗ്യമായിരുന്നു കാരണം.
ഇന്നലെ ക്ഷേമനിധി ഓഫീസിൽ പോകാൻ വീട്ടിൽ നിന്ന് സ്കൂട്ടറെടുത്തിറങ്ങിയ സുധാകരനെ ചെന്താമര തടയുകയായിരുന്നു. തുടർന്ന് വടിയിൽ കോർത്ത വെട്ടുകത്തിയ്ക്ക് വെട്ടി. തലയ്ക്കും വയറിനും കാലിനും ആഴത്തിലുള്ള വെട്ടേറ്റ സുധാകരൻ തത്ക്ഷണം മരിച്ചു. നിലവിളികേട്ട് ഓടിയെത്തിയ സുധാകരന്റെ അമ്മ ലക്ഷ്മിയെയും പ്രതി നിരവധിതവണ വെട്ടി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ലക്ഷ്മി മരിച്ചത്. അഞ്ചുവർഷം മുമ്പ് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വീട്ടിൽക്കയറി കഴുത്തറുത്ത് കൊന്നിരുന്നു. ഈ കേസിൽ മൂന്ന് മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
ആലത്തൂർ ഡിവൈ.എസ്.പി എൽ. മുരളീധരൻ, നെന്മാറ എസ്.എച്ച്.ഒ മഹേന്ദ്ര സിംഹൻ എന്നിവരുടെ നേതൃത്വത്തിൽ ഏഴു പേരടങ്ങുന്ന നാല് സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്. മണം പിടിച്ച പൊലീസ് നായ 200 മീറ്റർ അകലെയുള്ള ചെന്താമരയുടെ തറവാട്ടിലേക്കാണ് പോയത്. പ്രതി സമീപത്തെ മലയിലുണ്ടാകാമെന്ന സൂചനയെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചു വരെ ഡ്രോൺ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് പ്രതിയുടെ സഹോദരനെയും കൊണ്ട് പൊലീസ് തമിഴ്നാട്ടിലെ തിരിപ്പൂരിലേക്ക് പോയത്. സുധാകരന്റെ മക്കൾ: അതുല്യ, അഖില. മരുമകൻ: അജയൻ. ലക്ഷ്മിയുടെ മറ്റുമക്കൾ: സുനിത, സുമ, സുരേന്ദ്രൻ.
പകയ്ക്ക് പിന്നിൽ ജ്യോത്സ്യ പ്രവചനം
ലോറി ഡ്രൈവറായിരുന്നു ചെന്താമര. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യം മകളും വർഷങ്ങളായി ഇയാളിൽ നിന്ന് അകന്ന് കഴിയുകയാണ്. ഭാര്യയും മകളും അകലാനുള്ള കാരണം അയൽവാസിയായ നീളൻ മുടിയുള്ള സ്ത്രീയാണെന്ന് ചെന്താമരയോട് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അത് സുധാകരന്റെ ഭാര്യ സജിതയാണെന്ന് ധരിച്ചാണ് 2019ൽ അവരെ വകവരുത്തിയത്. ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഡിസംബർ 29ന് സുധാകരന്റെ കുടുംബം പരാതി നൽകിയിരുന്നു. പൊലീസ് ചെന്താമരയെ വിളിപ്പിച്ച് താക്കീതു ചെയ്ത് വിടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |