
തിരുവനന്തപുരം: രണ്ടരവയസ്സുള്ള പെൺകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിൽ. കിടക്കയിൽ മൂത്രമൊഴിച്ചതിന് നഖം കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു.
അറസ്റ്റിലായ പോത്തൻകോട് അണ്ടൂർക്കോണം സ്വദേശി അജിത (49), അയിരൂപ്പാറ സ്വദേശി മഹേശ്വരി (49), കല്ലമ്പലം നാവായിക്കുളം മുല്ലനെല്ലൂർ സ്വദേശി സിന്ധു (47) എന്നിവരെ കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിൽ അടച്ചു.ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്.
പ്രതികൾ ഉൾപ്പെടെ ഒരാഴ്ചയായി ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരായ ഏഴുപേരെ പിരിച്ചുവിട്ടു. അഞ്ചുവർഷമായി ദിവസവേതനത്തിന് ജോലി ചെയ്യുന്നവരാണ് ആയമാർ.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഒരാഴ്ച മുമ്പാണ് കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നത്.
ശനിയാഴ്ച നടന്ന സംഭവത്തിൽ ഇന്നലെയാണ് അറസ്റ്റുണ്ടായത്. ജനനേന്ദ്രിയത്തിലും പിൻഭാഗത്തുമായി നിരവധി മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അജിതയാണ് മുറിവുണ്ടാക്കിയത്. മറ്റുള്ളവരും ഉപദ്രവിച്ചു.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. പരിക്ക് ഗുരുതരമല്ലെന്ന് അരുൺ ഗോപി പറഞ്ഞു.
സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷാനിബ ബീഗം തിങ്കളാഴ്ച ശിശുക്ഷേമസമിതി സന്ദർശിച്ചിരുന്നു.
ഇന്നലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു. പൊലീസ് കാവൽ ഏർപ്പെടുത്തി.
സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ശിശുക്ഷേമ സമിതി എന്നിവരോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
കുളിപ്പിച്ചപ്പോൾ കുഞ്ഞ് കരഞ്ഞു
വെള്ളിയാഴ്ച വൈകുന്നേരം ക്രഷ് ജീവനക്കാരി കുളിപ്പിച്ചപ്പോൾ,കുഞ്ഞ് നിലവിളിച്ചു. അവരാണ് മുറിവുകൾ കണ്ടത്. ശനിയാഴ്ച ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഉപദ്രവം ബോധ്യമായത്. തൈക്കാടുള്ള കുട്ടികളുടെയും സ്ത്രീകളുടേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഖം കൊണ്ടുള്ള മുറിവാണെന്നും മനഃപൂർവമുള്ള ഉപദ്രവമാണെന്നും സ്ഥിരീകരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.
`ആയമാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. മറ്റു കുട്ടികളെ ഉപദ്രവിച്ചോയെന്ന് പരിശോധിക്കും. ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കും.'
-ജി.എൽ. അരുൺ ഗോപി,
ജനറൽ സെക്രട്ടറി,
ശിശുക്ഷേമ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |