SignIn
Kerala Kaumudi Online
Friday, 23 October 2026 5.32 PM IST

കാർ ഓടി​ക്കുകയായി​രുന്ന ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തി​ച്ചു കൊന്നു

car-on-fire

കൊല്ലം: ഭാര്യ ഓടിച്ചിരുന്ന കാറി​നെ ഓമ്‌നി​ വാനി​ൽ പി​ന്തുടർന്നെത്തി​ ഇടി​ച്ചു തടഞ്ഞശേഷം ദേഹത്ത് പെട്രോൾ ഒഴി​ച്ച് കത്തി​ച്ച് കൊലപ്പെടുത്തി​. കൊട്ടിയം തഴുത്തല തുണ്ടിൽ മേലേതിൽ വീട്ടിൽ അനിലയാണ് (44) കൊല്ലപ്പെട്ടത്. കാറിലൊപ്പമുണ്ടായിരുന്ന യുവാവിന് പൊള്ളലേറ്റെങ്കിലും ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. കൊലപാതകശേഷം ഭർത്താവ് പദ്മരാജൻ (55) ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി.

സാമ്പത്തികവും കുടുംബപരവുമായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി ഒമ്പതിന് കൊല്ലം ചെമ്മാമുക്കിലാണ് സംഭവം. സുഹൃത്തായ ഹനീഷിനൊപ്പം ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം ഒരുമാസം മുൻപ് അനില ബേക്കറി ആരംഭിച്ചിരുന്നു. ഒരാഴ്ചയായി അനിലയുമായി പദ്മരാജൻ പി​ണക്കത്തി​ലായി​രുന്നു. ബേക്കറി ആരംഭിക്കുന്നതിന് പദ്മരാജനിൽ നിന്ന് ഇരുവരും ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം മുൻപ് ഹനീഷും പദ്മരാജനുമായി തർക്കമുണ്ടായിരുന്നു. അനിലയും ഹനീഷും കാറിൽ സഞ്ചരിക്കുമ്പോൾ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം. ഇതിനായി ഇയാൾ പെട്രോൾ കരുതിയിരുന്നു.

ഇന്നലെ അനില കടപൂട്ടി ഇറങ്ങുന്നത് വരെ കടപ്പാക്കടയിൽ പദ്മരാജൻ ഒമ്‌നിയിൽ കാത്ത് നിന്നു. എന്നാൽ അനിലയുടെ കൂടെ ഹനീഷിന് പകരം കടയിലെ ജീവനക്കാരനായ കൊട്ടിയം പുല്ലിച്ചിറ സ്വദേശിയായിരുന്നു ഉണ്ടായിരുന്നത്. അനിലയുടെ കാർ കടപ്പാക്കട എത്തിയത് മുതൽ ഒമ്‌നിയിൽ പിന്തുടർന്നു. ചെമ്മാൻമുക്ക് എത്തിയപ്പോൾ ഒമ്‌നിവാൻ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് ഇടിച്ചു നിറുത്തി​. ഒമ്‌നിയിൽ നിന്നിറങ്ങിയ പദ്മരാജൻ കൈകൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഗ്ളാസ് തകർത്ത ശേഷം പെട്രോൾ ഉള്ളിലേക്ക് ഒഴിച്ച് കത്തിക്കുകയായിരുന്നു. അനില സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം കണ്ട ചെറുപ്പക്കാരാണ് പൊലീസിലും ഫയർഫോഴ്‌സിലും അറിയിച്ചത്. പദ്മരാജന്റെ ഉടമസ്ഥതയിലുള്ളതാണ് ഒമ്‌നി. രണ്ട് വാഹനങ്ങളും പൂർണ്ണമായി കത്തിനശിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഓട്ടോയിൽ സ്റ്റേഷനി​ലെത്തി​യാണ് പദ്മരാജൻ കീഴടങ്ങിയത്. എ.സി.പി ഷെരീഫിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. ഏറെനേരം ചെമ്മാൻ മുക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUELTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA