SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

കുസാറ്റ് ദുരന്തം: ഉത്തരവാദികൾ തടിയൂരിയെന്ന് കുറ്റപത്രം

cusat-disaster

കൊച്ചി: കളമശേരിയിലെ കുസാറ്റ് ക്യാമ്പസിൽ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാലുപേർ മരിച്ച ദുരന്തത്തിൽ മുൻ പ്രിൻസിപ്പലും ടെക്ഫെസ്റ്റ് കൺവീനർമാരായ പ്രൊഫസർമാരും ഉത്തരവാദിത്വത്തിൽ നിന്ന് തടിയൂരിയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അപകടം നടന്ന് ഒരുവർഷത്തിലേറെ പിന്നിടവേ, അന്വേഷണസംഘത്തലവനായ തൃക്കാക്കര അസി. പൊലീസ് കമ്മിഷണർ പി.വി. ബേബിയാണ് ആയിരത്തിലധികം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

മുൻ പ്രിൻസിപ്പൽ ഡോ. ദീപക്‌കുമാർ സാഹു, ടെക്‌ഫെസ്റ്റ് കൺവീനർമാരും സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ മെക്കാനിക്കൽ വിഭാഗം പ്രൊഫസർമാരുമായ ഡോ. ഗിരീഷ്‌കുമാർ തമ്പി, ഡോ. എൻ. ബിജു എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പാണ് ചുമത്തിയത്.

കുസാറ്റിലെ ഓപ്പൺഎയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സംഗീതനിശയിൽ നിഖിതഗാന്ധി പങ്കെടുക്കുമെന്നോ കൂടുതൽപേർ വരാൻ സാദ്ധ്യതയുണ്ടെന്നോ ഇതിനുതക്ക സുരക്ഷാക്രമീകരണം ഒരുക്കണമെന്നോ രജിസ്ട്രാറെ അറിയിച്ചിരുന്നില്ല.

* വീഴ്ച ചെറുതല്ല
ടെക്ഫെസ്റ്റിന്റെ പ്രധാന ഉത്തരവാദിത്വമുള്ള പ്രിൻസിപ്പലും കൺവീനർമാരും ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചുമതലയെല്ലാം വിദ്യാർത്ഥികൾക്ക് കൈമാറി. നിഖിതഗാന്ധി എത്തുന്ന സംഗീതനിശയുടെ സുരക്ഷയ്ക്കായി രണ്ട് ജീവനക്കാരെ മാത്രമാണ് നിയോഗിച്ചത്.

* മായാതെ നൊമ്പരം
2023 നവംബർ 25നാണ് നാലുപേരുടെ ജീവനെടുത്ത അപകടമുണ്ടായത്. മഴപെയ്തതോടെ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവരുടെ മുകളിലേക്ക് വീണു. രണ്ടാംവർഷ വിദ്യാർത്ഥികളായ അതുൽ തമ്പി (24), ആൻ റിഫ്റ്റ (20), സാറ തോമസ് (20), പാലക്കാട് മുണ്ടൂർസ്വദേശി ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 64 പേർക്ക് പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA