SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

24.76 കോടിയുടെ സൈബർതട്ടിപ്പ്: പ്രതികളെ തെലങ്കാനയിൽ നിന്ന് പൊക്കി കേരള പൊലീസ്

p

കൊച്ചി: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ കൊച്ചി സ്വദേശിയായ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയുടെ 24.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയും സഹായിയും തെലങ്കാനയിൽ കേരള പൊലീസിന്റെ പിടിയിലായി. ഹൈദരാബാദ് കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ്, ഐ.ടി മേഖലകളിൽ പ്രവർത്തിക്കുന്ന തെലങ്കാന സ്വദേശി സത്യനാരായണ മൂർത്തി (35), ജോലിക്കാരനും തട്ടിപ്പിൽ പങ്കാളിയുമായ ടൈസൺ രാജു (34) എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ വി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും.

ഹൈദരാബാദിലെ ഹൈടെക് സിറ്റിയുടെ ഭാഗമായ മൈം ഹോം പൂജ വില്ലയിൽ നിന്നാണ് സത്യനാരായണ മൂർത്തി പിടിയിലായത്. ഹൈദരാബാദിൽ നിന്ന് 300 കിലോമീറ്റർ അകലെ മഹബൂബാബാദ് ജില്ലയിലെ ഗാർലയിൽ നിന്നാണ് ടൈസണിനെ കസ്റ്റഡിയിലെടുത്തത്. തെലങ്കാനയിലെ സൈബർതട്ടിപ്പു കേസിൽ ജയിലിൽ നിന്ന് സത്യനാരായണ മൂർത്തി പുറത്തിറങ്ങിയതറിഞ്ഞാണ് കൊച്ചി സൈബർ പൊലീസ് എത്തിയത്. ഇയാളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞുള്ള അന്വേഷണത്തിൽ ഹൈടെക് സിറ്റിയിൽ അതിസമ്പന്നർ താമസിക്കുന്ന വില്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
കടവന്ത്ര‌ സ്വദേശിയായ 49കാരന് 2023 മാർച്ച് 5 മുതൽ 2025 ആഗസ്റ്റ് 29 വരെ കാലയളവിലാണ് പണം നഷ്ടമായത്. മൊബൈൽ ഫോണും ടെലഗ്രാം അക്കൗണ്ടും വഴി ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഓഹരി ഇടപാടിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഭീമമായ തുക നിക്ഷേപിച്ച കമ്പനിയുടമ ലാഭവും മുതൽമുടക്കും കിട്ടാതായതോടെ 2025 സെപ്തംബറിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. കേസിൽ മലയാളികളായ സുജിത, ഷാജി, ഷഹീബ്, അജീഷ് എന്നീ പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പ് സംഘം വിലയ്‌ക്ക് വാങ്ങി 'മ്യൂൾ അക്കൗണ്ടു"കളായി ഇടപാടിന് ഉപയോഗിച്ചതായി സൈബർ പൊലീസ് കണ്ടെത്തിയിരുന്നു.

സത്യനാരായണൻ പദ്ധതിയിട്ടത്

300 വില്ലകൾ പണിയാൻ

ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സത്യനാരായണ മൂർത്തി വിനിയോഗിക്കുന്നത് ആഡംബര ജീവിതം നയിക്കാനും റിയൽ എസ്റ്റേറ്റിൽ മുതൽമുടക്കിനും. ഹൈടെക് സിറ്റിയിൽ അതിസമ്പന്നരുടെ വില്ലയിൽ രണ്ടു ലക്ഷം രൂപ മാസവാടക നൽകിയാണ് ഇയാളും കുടുംബവും താമസം. ഹൈടെക് നഗരത്തിൽ 300 വില്ലകൾ നിർമ്മിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് പിടിയിലായത്. ഐ.ടി മേഖലയിലും ഇയാൾ മുതൽമുടക്കിയിട്ടുണ്ട്. മകൾ ആശ്രിതയുടെ പേരിൽ ട്രസ്റ്റും രൂപീകരിച്ചിരുന്നു. സത്യനാരായണ മൂർത്തിക്ക് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിന് ഉപയോഗിച്ചു. ജാർഖണ്ഡ് സ്വദേശിയായ പങ്കജ് എന്നയാളുമായി ബന്ധപ്പെട്ടാണ് ഇയാൾ സൈബർതട്ടിപ്പ് നടത്തുന്നതെന്ന് സംശയിക്കുന്നു. ഇരുവരും 450 കോടി രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പങ്കജിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CYBER FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA