SignIn
Kerala Kaumudi Online
Friday, 23 October 2026 5.47 PM IST

വെടിക്കെട്ടുള്ള സ്ഥലങ്ങളിൽ ആനകളെ ഒഴിവാക്കേണ്ടതല്ലേ?

READ ENGLISH VERSION
hc

കൊച്ചി: വെടിക്കെട്ടുള്ള സ്ഥലങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത് ഒഴിവാക്കേണ്ടതല്ലേയെന്ന് ഹൈക്കോടതി. അവിടങ്ങളിൽ ആനകളെ കൂച്ചുവിലങ്ങിടാതെ നിറുത്താൻ പറ്റില്ലെന്നു പറയുന്നതിന്റെ അർത്ഥം അവയെ ഈ ശബ്ദം അത്രയ്‌ക്ക് അലോസരപ്പെടുത്തുന്നു എന്നാണ്. നൂറുമീറ്റർ അകലെയാണെങ്കിലും വെടിക്കെട്ടിന്റെ ശബ്ദം ആനകൾക്ക് അലോസരമുണ്ടാക്കാം.

ഇക്കാര്യത്തിൽ സർക്കാരും ഗുരുവായൂർ ദേവസ്വവും നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. വെടിക്കെട്ട് നടക്കുന്നിടത്ത് ആനകളെ കൂച്ചുവിലങ്ങിട്ട് നിറുത്തിയില്ലെങ്കിൽ ഭയന്നോടാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജൻ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് കോടതി പരാമർശം.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ രണ്ടാനകൾ വിരണ്ടോടിയതിനേ തുടർന്ന് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഗുരുവായൂർ പുന്നത്തൂർ കോട്ടയിൽ നിന്ന് കൊണ്ടുപോയ ഗോകുൽ, പീതാംബരൻ എന്നീ ആനകളാണ് ഇടഞ്ഞത്. ആനകൾക്കും പരിക്കേറ്റിരുന്നു. ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏഷ്യൻ എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഉടമസ്ഥതാ സർട്ടിഫിക്കറ്റില്ല

പീതാംബരൻ എന്ന ആനയ്‌ക്ക് ഇൻഷ്വറൻസ് ഉണ്ടെങ്കിലും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ദേവസ്വം. അപേക്ഷ വനംവകുപ്പിന്റെ പരിഗണനയിലാണ്. ഉടമസ്ഥതാ സർട്ടിഫിക്കറ്റ് ഇല്ലാത്ത 10 ആനകൾ പുന്നത്തൂർ കോട്ടയിലുണ്ട്. ഇതില്ലാത്ത ആനകളെ പുറത്തുകൊണ്ടുപോകുന്നത് എങ്ങനെയെന്ന് ചോദിച്ച കോടതി, ഇതിലെ നിയമപ്രശ്നങ്ങൾ സംബന്ധിച്ച് വിശദമായ വാദം നടത്താനും കക്ഷികളോട് നിർദ്ദേശിച്ചു. ഇടഞ്ഞ ആനകൾ ഫെബ്രുവരിയിൽ മിക്ക ദിവസവും കോട്ടയ്‌ക്ക് പുറത്തായിരുന്നു. എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്ന ആനകളുടെ ഭക്ഷണ കാര്യത്തിൽ ആർക്കും ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ്. ലോറി ഡ്രൈവറെയും പാപ്പാനെയും മാത്രം ഇതിന് ചുമതലപ്പെടുത്തിയിട്ട് കാര്യമില്ല. നൽകിയ തീറ്റയുടെ പട്ടിക രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തണം.

ഉത്സവസ്ഥലങ്ങളിൽ ആനകളെ വി.ഐ.പികളായി പരിഗണിച്ച് ആളുകൾ ധാരാളം തീറ്റ നൽകാറുണ്ടെന്ന് ദേവസ്വം അറിയിച്ചു. ഈ രീതിയും ആശാസ്യമല്ലെന്ന് കോടതി പറഞ്ഞു. ആനകളുടെ ഫീഡിംഗ് രജിസ്റ്റർ സംബന്ധിച്ചും അധികൃതർ നിലപാടറിയിക്കണം. ഹർജിയിൽ മാർച്ച് 4ന് വിശദവാദം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA